മുംബയ്: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് ത്രികക്ഷികൾ നൽകിയ കേസിന്റെ കാര്യത്തിൽ നാളെ 10:30ക്ക് തീരുമാനമെടുക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഇതിലൂടെ നിയമസഭയിൽ തങ്ങളുടെ ഭൂരിപക്ഷം ഉറപ്പിക്കാൻ 24 മണിക്കൂറിന്റെ കൂടി സാവകാശമാണ് ബി.ജെ.പിക്ക് ലഭിച്ചിരിക്കുന്നത്. കേസ് മാറ്റി വച്ചതിലൂടെ എൻ.സി.പി - കോൺഗ്രസ് - ശിവസേന സഖ്യത്തിന് വ്യക്തമായ തിരിച്ചടിയും ലഭിച്ചിരിക്കുകയാണ്. നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നതാണ് സഖ്യത്തിനെ തളർത്തുന്നത്.ഗവർണറുടെ ഉത്തരവ് കോടതിക്ക് വിശദമായി പരിശോധിക്കേണ്ടതുണ്ട്.
സർക്കാർ രൂപീകരണം സംബന്ധിച്ച് ഗവർണർക്ക് നൽകിയ രണ്ടു കത്തുകളും നാളെ ഹാജരാക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഇതിലൊന്ന് ദേവേന്ദ്ര ഫഡ്നാവിസിന്റെ കത്താണ്. രണ്ടാമത്തേത് അജിത് പവാർ നൽകിയതും. ഇവ ശരിയായ കത്തുകൾ തന്നെയാണോ എന്നും രണ്ട് കക്ഷികൾക്കും ഭൂരിപക്ഷമുണ്ട് എന്ന് ഗവർണർക്ക് ബോധ്യമായോ എന്നും കോടതി പരിശോധിക്കും. സർക്കാരുണ്ടാക്കാൻ ദേവേന്ദ്ര ഫഡ്നാവിസിന് ഏത് തരത്തിലുള്ള ഉത്തരവാണ് ഗവർണർ നൽകിയതെന്നും കോടതി പരിശോധിക്കും.ഗവർണർ തന്റെ വിവേചനാധികാരം ശരിയായ രീതിയിലാണോ വിനിയോഗിച്ചത് എന്നും സുപ്രീം കോടതിക്ക് പരിശോധിക്കേണ്ടതായുണ്ട്.
ദേവേന്ദ്ര ഫഡ്നാവിസിനെ സർക്കാർ രുപീകരിക്കാൻ അനുവദിച്ച ഗവർണറുടെ നടപടിയെ ചോദ്യം ചെയ്താണ് കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്. ജസ്റ്റിസ് എൻ.വി രമണയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ശിവസേനയ്ക്ക് വേണ്ടി കപിൽ സിബലും, ബി.ജെ.പിക്ക് വേണ്ടി മുകുൾ റോത്തഗിയും എൻ.സി.പിക്ക് വേണ്ടി അഭിഷേക് മനു സിംഗ്വിയുമാണ് കോടതിയിൽ ഹാജരായത്.
തങ്ങൾ നൽകിയ പിന്തുണകത്ത് ഗവർണർ പരിഗണിച്ചില്ലെന്നും വിശ്വാസവോട്ട് നടപ്പാകുന്നതാണ് നല്ലതെന്നും എൻ.സി.പി വാദിച്ചപ്പോൾ ഹർജിക്ക് അടിയന്തിര പ്രാധാന്യം ഇല്ലെന്നും ഹർജി നിലനിൽക്കുന്നതല്ലെന്നും മുഖ്യമന്ത്രിയെ നിയമിക്കാനുള്ള വിവേചനാധികാരം ഗവർണർക്ക് ഉണ്ടെന്നും അതിൽ സുപ്രീം കോടതി ഇടപെടാൻ പാടില്ലെന്നും ബി.ജെ.പിയും കോടതിയിൽ പറഞ്ഞു. മുഖ്യമന്ത്രി ആകാൻ ആരെയും ക്ഷണിക്കാനുള്ള അധികാരം ഗവർണർക്ക് ഉണ്ടെന്നും ബി.ജെ.പി അഭിഭാഷകൻ മുകുൾ റോത്തഗി സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു.
അതേസമയം അജിത് പവാറിന് എൻ.സി.പിയുടെ പിന്തുണയില്ലെന്നും കോടതിയിൽ വാദമുയർന്നു. കർണാടകയിലേത് പോലെ വിശ്വാസവോട്ടെടുപ്പ് ലൈവായി കാണിക്കണമെന്നും എൻ.സി.പി വാദിച്ചിരുന്നു. അതേസമയം അടിയന്തരാവസ്ഥയ്ക്ക് തുല്യമായ അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്ന് ശിവസേന അഭിഭാഷകൻ കപിൽ സിബലും കോടതിയിൽ പറഞ്ഞിരുന്നു. ഹർജി നീട്ടി വയ്ക്കണം എന്ന് ബി.ജെ.പി സുപ്രീം കോടതിയോട് ആവശ്യപെട്ടിരുന്നു. ഹർജി നിലനില്കുന്നതല്ലെന്നാണ് ബി.ജെ.പി പറയുന്നത്.