പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അനുപമ പരമേശ്വരൻ. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോളുകൾക്ക് ഇരയാകേണ്ടി വന്ന നടിമാരിലൊരാൾ കൂടിയാണ് അനുപമ. തെലുങ്കിൽ വരെ വ്യക്തിമുദ്ര പതിപ്പിച്ച താരം ഇപ്പോൾ പുതിയൊരു റോളിലേക്ക് കൂടി കാലെടുത്ത് വച്ചിരിക്കുകയാണ്.
ക്യാമറയ്ക്ക് പിന്നിലാണ് താരത്തിന് ഇപ്പോൾ പണി. ആ ജോലി എന്താണെന്നല്ലേ? ദുൽഖർ സൽമാൻ നിർമ്മിക്കുന്ന മണിയറയിലെ അശോകൻ എന്ന ചിത്രത്തിലെ സഹസംവിധായിക എന്നതാണ് അനുപമയുടെ പുതിയ റോൾ. ഇപ്പോഴിതാ വെയിൽ കൊള്ളുന്ന പണിചെയ്യാൻ മാതാപിതാക്കൾ സമ്മതിച്ചോ എന്നതിനെക്കുറിച്ച് ഒരു പ്രമുഖമാദ്ധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
ഏറ്റവും സന്തോഷിച്ചതും പിന്തുണ നൽകിയതും അച്ഛനും അമ്മയുമാണ്. സംവിധാനം എന്റെ സ്വപ്നമാണെന്ന് അവർക്ക് മുമ്പേ അറിയാം. അമ്മയ്ക്ക് വെയിൽ കൊള്ളേണ്ടി വരുന്നതിനെക്കുറിച്ച് ടെൻഷനുണ്ടായിരുന്നു. കാരണം അടുത്ത സിനിമ ചെയ്യുമ്പോൾ പ്രശ്നമാകും. എന്നാൽ ഞാനത് കാര്യമാക്കിയില്ല. പക്ഷേ അമ്മയുടെ ടെൻഷൻ ശരിയായിരുന്നു, മുഖത്ത് വന്ന സൺടാൻ പോകാൻ കുറേ സമയമെടുത്തു-അനുപമ പറഞ്ഞു.