1. മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിക്കാതെ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ബി.ജെ.പി നീക്കത്തിന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയ അനുമതി നല്‍കിയത് ചോദ്യം ചെയ്ത് ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യം സംയുക്തമായി നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നു. ഞായറാഴ്ച് കോടതി ചേരേണ്ടി വന്നതില്‍ ക്ഷമ ചോദിച്ച് കപില്‍ സിബല്‍ വാദം തുടങ്ങി. പൊതു മനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ത്രികക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. പിന്നീട് നടന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത സംഭവങ്ങള്‍. രാജ്യത്ത് അടിയന്തര അവസ്ഥയില്ലെന്നാണ് തന്റെ വിശ്വാസമെന്ന് സിബല്‍. രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ പോലും കേന്ദ്ര മന്ത്രിസഭ യോഗം ചേര്‍ന്നില്ല എന്നും കപില്‍ സിബല്‍.
2. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ നിയമപോരാട്ടത്തിനായി കോടതിയില്‍ എത്തിയത് പ്രഗല്‍ഭ അഭിഭാഷകരുടെ വന്‍നിര. ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ ഹര്‍ജി പരിഗണിക്കുന്നത്. കേന്ദ്രത്തിനായി കെ.കെ വേണുഗോപാല്‍, ഗവര്‍ണറുടെ ഓഫീസിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവര്‍ ഹാജരായി. പ്രതിപക്ഷത്തിനായി കപില്‍ സിബല്‍, മനു അഭിഷേക് സിംഗ്വി, ദേവദത്ത് കാമത്ത് എന്നിവരും ഹാജരായിട്ടുണ്ട്. ദേവേന്ദ്ര ഫട്നവിസിന് വേണ്ടി മുകുള്‍ റോത്തഗിയാണ് എത്തിയത്.
3. ഇന്നലെ രാത്രി തന്നെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്ന് ത്രകക്ഷി സഖ്യം ആവശ്യപ്പെട്ടിരുന്നു എങ്കിലും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഇന്നേക്ക് മാറ്റിവയ്ക്കുക ആയിരുന്നു. അവധി ദിവസമായിട്ടും ഹര്‍ജി പരിഗണിക്കുന്നത് ഈ പശ്ചാത്തലത്തില്‍. കര്‍ണാകടത്തിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീംകോടതി ഇടപെട്ട ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലും സമാനമായ ഉത്തരവ് വേണം എന്നാണ് ശിവസേനയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യം. കുതിരക്കച്ചവടം തടയാന്‍ 24 മണിക്കൂറിന് അകം നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ നിര്‍ദേശിക്കണം എന്നും റിട്ട് ഹര്‍ജിയില്‍ ആവശ്യമുണ്ട്.
4. മഹാരാഷ്ട്രയില്‍ നിയമ പോരാട്ടം നടക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്, എം.എല്‍.എമാരെ ഹോട്ടലിലേക്ക് മാറ്റി. മുംബൈയിലെ മാരിയറ്റ് ഹോട്ടലിലേക്ക് ആണ് മാറ്റിയത്. എന്‍.സി.പി, ശിവസേവ എം.എല്‍.എമാരെയും ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, നിയമസഭാകക്ഷി നേതൃസ്ഥാനത്ത് നിന്ന് നീക്കിയ പാര്‍ട്ടി നടപടിക്ക് എതിരെ അജിത് പവാര്‍ കോടതിയെ സമീപിക്കും എന്ന് സൂചന. 30 എം.എല്‍.എമാരുമായി ചര്‍ച്ചകള്‍ നടത്തുക ആണെന്ന് അജിത്ത് പവാര്‍. ഇക്കാര്യം ബി.ജെ.പി നേതാക്കളെ അറിയിച്ചു. ബി.ജെ.പി എം.പി ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. മുംബൈയിലെ ശരത് പവാറിന്റെ വസതിയില്‍ ആയിരുന്നു കൂടിക്കാഴ്ച. എന്‍.സി.പി നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടീലും പവാറിന്റെ വീട്ടില്‍ എത്തിയിരുന്നു.
5. അത്യന്തം നാടകീയ നീക്കങ്ങളോടെ ആണ് ബി.ജെ.പി 35 എം.എല്‍.എ മാരുടെ പിന്തുണ അവകാശപ്പെടുന്ന അജിത് പവാറിനെ കൂട്ടുപിടിച്ച് മന്ത്രിസഭ രൂപവത്കരിച്ചത്. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി ശിവസേന- കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യം ഗവര്‍ണറെ കാണാന്‍ ഇരിക്കെ ആയിരുന്നു ഇന്നലെ രാവിലെ 7.50 ന് ദേവേന്ദ്ര ഫട്നാവിസിന്റെ സത്യപ്രതിജ്ഞ. തലേന്ന് രാത്രിവരെ ത്രികക്ഷി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ മുന്നിട്ട് നിന്നശേഷം ആണ് അജിത് പവാര്‍ മറുകണ്ടം ചാടിയത്.
6. അജിത്തിന് തന്റെയോ പാര്‍ട്ടിയിലെ ഭൂരിപക്ഷം എം.എല്‍.എ.മാരുടെയോ പിന്തുണയില്ലെന്ന് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി.സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത മൂന്ന് എം.എല്‍.എമാരെയും വാര്‍ത്താ സമ്മേളനത്തില്‍ പവാര്‍ ഹാജരാക്കി. വൈകീട്ടോടെ അജിത് പവാറിനെ എന്‍.സി.പി. നിയമസഭാകക്ഷി നേതൃസ്ഥാനത്ത് നിന്ന് പാര്‍ട്ടിയോഗം പുറത്താക്കി. ദിലീപ് വല്‍സെ പാട്ടീലാണ് പുതിയ നേതാവ്.
7. ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ച സഹപാഠികള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാരുടെ ഭീഷണി. നാട്ടുകാരില്‍ ചിലര്‍ ഭീഷണിപ്പെടുത്തുന്നു എന്ന് ഷഹ്ലയുടെ സഹപാഠി വിസ്മയയുടെ അച്ഛന്‍. സ്‌കൂളിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നാട്ടില്‍ ഒറ്റപ്പെടുത്തും എന്നാണ് ഭീഷണി. അതിനിടെ, ഷഹ്ലയെ ചികിത്സിച്ച ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസയുടെ വാദങ്ങള്‍ പൊളിയുന്നു. ആശുപത്രിയില്‍ ഷഹ്ലയുടെ ചികിത്സയ്ക്ക് ആയുള്ള മരുന്ന് ഉണ്ടായിരുന്നു എന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മരുന്ന് ഇല്ല എന്നായിരുന്നു ഡോക്ടര്‍ ജിസയുടെ വാദം.
8. അതേസമയം, കേസില്‍ ജിസ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്യും. വിഷയത്തില്‍ മരുന്നുകളുടെ അഭാവവും മറ്റ് അസൗകര്യങ്ങളും പ്രതിസന്ധിയായി എന്ന് കോടതിയില്‍ വിശദീകരിക്കാന്‍ ഡോക്ടര്‍ ജിസയ്ക്ക് നിയമോപദേശം. വിദ്യാര്‍ത്ഥിയുടെ മരത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ഡോക്ടര്‍ ജിസ അടക്കം നാല് പേരും ഒളിവില്‍ ആണ്. ഹെഡ്മാസ്റ്റര്‍ മോഹന്‍ കുമാര്‍, പ്രിന്‍സിപ്പാള്‍ കരുണാകരന്‍, അദ്ധ്യാപകന്‍ ഷിജില്‍ എന്നിവരെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഷഹ്ലയുടെ മരണത്തെ കുറിച്ച് ഉള്ള മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ലഭിച്ച ശേഷം അറസ്റ്റ് മതി എന്ന തീരുമാനവും ഉണ്ട്. മകളുടെ മരണത്തില്‍ പരാതി ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം വേണ്ട എന്നുമാണ് രക്ഷിതാക്കളുടെ നിലപാട്.
9. പോസ്റ്റമോര്‍ട്ടം നടത്താതെ ഇരുന്നാല്‍ പ്രതികള്‍ക്ക് എതിരെ ഇപ്പോള്‍ ചുമത്തിയ വകുപ്പുകള്‍ ദുര്‍ബലമാകും. ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പും ചേര്‍ത്താണ് പ്രതികള്‍ക്ക് എതിരെയുള്ള എഫ്.ഐ.ആര്‍. മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണ് നാല് പേര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം നടത്തണമെങ്കില്‍ രക്ഷിതാക്കളുടെ സമ്മതം വേണം എന്നാണ് പൊലീസ് നിലപാട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേസ് ദുര്‍ബ്ബലമാകും എന്ന ആശങ്കയും ശക്തമാണ്.