സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിയിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിനി പാമ്പുകടിച്ച് മരിച്ച സംഭവത്തിൽ ചർച്ചകൾ സജീവമാണ്. ഇതുസംബന്ധിച്ച് സ്കൂൾ പരിസരത്തെ ഒരാൾ പൊക്കത്തിലുള്ള ചിതൽ പുറ്റ് പൊളിച്ച് നീക്കിയിരുന്നു. ചിതൽപുറ്റുകൾ പാമ്പിന്റെ താവളങ്ങളാണ് എന്ന രീതിയിലും ചർച്ചകൾ നടക്കുന്നുണ്ട്. ശരിക്കും ചിതൽപ്പുറ്റുകൾക്കും പാമ്പുകൾക്കും എന്താണ് ബന്ധം? പാമ്പുകൾ നിർമിക്കുന്നതാണോ ഇത്തരം ചിതൽപുറ്റുകൾ എന്ന സംശയവും നിലനിൽക്കുകയാണ്. വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായെത്തിയിരിക്കുകയാണ് സുരേഷ് സി.പിള്ള.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
പാമ്പും ചിതൽ പുറ്റും: സുൽത്താൻ ബത്തേരിയിൽ സ്കൂളിൽ പാമ്പു കടിച്ചു കുട്ടി മരിക്കാൻ ഇടയായ സംഭവത്തോട് അനുബന്ധിച്ചു ഇന്നത്തെ വാർത്ത ടിവിയിൽ കണ്ടവർ ഒരു പക്ഷെ ശ്രദ്ധിച്ചുകാണാറും, സ്കൂളിനു സമീപത്തുള്ള ചിതൽപ്പുറ്റുകളെക്കുറിച്ചു റഫർ ചെയ്തത്.
ശരിക്കും ചിതൽപ്പുറ്റുകൾക്കും പാമ്പുകൾക്കും എന്താണ് ബന്ധം?
ചിതൽപ്പുറ്റുകൾ കാണാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. പല തരം അന്ധ വിശ്വാസങ്ങളും ഇതുമായി ബന്ധപ്പെട്ടിട്ടുള്ളതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടാവും. വർഷങ്ങൾക്കു മുൻപ് ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയിൽ നിന്നും ഒരു ഇടവഴിയിൽ ക്കൂടി ഓട്ടോയിൽ വരികയായിരുന്നു. അപ്പോളാണ് ഒരു മൂന്നു നാല് ഏക്കറോളം സ്ഥലത്ത് ഉയർന്നു നിൽക്കുന്ന ചിതൽപ്പുറ്റുകൾ കണ്ടത്. കേരളത്തിൽ ഒറ്റപ്പട്ട ചിതൽപ്പുറ്റുകൾ കണ്ടിട്ടുണ്ടെങ്കിലും ചിതൽപ്പുറ്റുകളുടെ കൂട്ടങ്ങൾ ആദ്യമായി കാണുക ആയിരുന്നു. ഞാൻ ആകാംക്ഷയോടെ ഓട്ടോ ഡ്രൈവറോട് ചോദിച്ചു.
"ഇതെന്താണ്, ഇങ്ങനെ നേരത്തെ കണ്ടിട്ടേ ഇല്ലല്ലോ?"
"ഇത് നാഗങ്ങളുടെ (പാമ്പുകളുടെ) കൂടാണ്" അദ്ദേഹം പറഞ്ഞു.
പാമ്പുകൾ എങ്ങിനെയാണ് ചിതൽപ്പുറ്റുകൾ ഉണ്ടാക്കുന്നത്. പാമ്പുകളും ചിതൽപുറ്റുകളും തമ്മിൽ എന്താണ് ബന്ധം എന്നൊക്കെ അന്നേ ഉള്ള സംശയമാണ്. അതേക്കുറിച്ചു അന്വേഷിക്കാൻ പിന്നീട് സമയം കിട്ടി ഇല്ല. 2015 ൽ ഔദ്യോഗിക ആവശ്യത്തിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് (IISc) ബാംഗ്ളൂർ സന്ദർശിച്ചപ്പോൾ അവിടെ താമസിച്ച ഗസ്റ്റ് ഹൗസിന്റെ സമീപത്തായി ഏകദേശം ഒരാളിന്റെ ഉയരമുള്ള ഒരു വലിയ ചിതൽപ്പുറ്റ് കണ്ടു. അപ്പോളാണ് ഇതേക്കുറിച്ചു
കൂടുതൽ അന്വേഷിക്കണം എന്ന് തോന്നിയത്. അന്ന് മുതൽ വായിച്ചതും, ഈ അടുത്ത കാലത്തു വായിച്ചതുമായ കുറെ കാര്യങ്ങൾ ആണ് എഴുതുന്നത്.
എന്താണ് ചിതൽപ്പുറ്റുകൾ?
പേര് സൂചിപ്പിക്കുന്നതു പോലെ ചിതൽപ്പുറ്റുകൾ (Termite Mound അല്ലെങ്കിൽ Ant Hill) ചിതലുകൾ (Termite) ഉണ്ടാക്കുന്നതു തന്നെ.
ചിതലുകൾ നല്ല രീതിയിലുള്ള എഞ്ചിനീയറിംഗ് പ്രതിഭ ഉള്ളവരാണ് എന്ന് ഈ ചിതപ്പുറ്റുകൾ പരിശോധിച്ചാൽ വ്യക്തമാവും. മഴയത്തും, ചെറിയ തോതിലുള്ള പ്രകൃതി ക്ഷോഭങ്ങളിലും ഒന്നും നശിക്കാത്ത രീതിയിയും, നല്ല രീതിയിൽ ഉള്ളിലേക്ക് വായൂ സഞ്ചാരം കിട്ടത്തക്ക രീതിയിലും ആണ് ഇവയുടെ രൂപകൽപ്പന. വേണമെങ്കിൽ ഇതിനെ ഹരിത ഗൃഹങ്ങൾ എന്ന് പറയാം. നല്ല മൃദുവായ കളിമണ്ണിൽ ഉമിനീർ കലർത്തിയാണ് ചിതലുകൾ ഇവയുണ്ടാക്കുന്നത്.
കണ്ടാൽ ചിതലുകൾക്ക് ഉറുമ്പുകളുടെ രൂപ സാദൃശ്യം ഉണ്ടെങ്കിലും ഇവയ്ക്ക് ഉറുമ്പുകളുമായി ബന്ധമില്ല. പാറ്റകളുടെ വർഗ്ഗത്തിൽ പെടുന്ന Isoptera വിഭാഗത്തിൽ പെടുന്നവയാണ്. ഏകദേശം മൂവായിരത്തോളം തരം ചിതലുകളെ കണ്ടെത്തിയിട്ടുണ്ട്. തേനീച്ചകളിലെ പോലെ 'രാജാവ്', രാജ്ഞി, ജോലിക്കാർ, പടയാളികള് എന്നിങ്ങനെ പല അധികാര ശ്രേണിയിൽ ആണ് ഇവയുടെ ചിതൽപ്പുറ്റിലുള്ള ജീവിതം.
എല്ലാത്തരം ചിതലുകളും പല രീതിയിൽ ഉള്ള പുറ്റുകൾ ഉണ്ടാകാറുണ്ടെങ്കിലും, പലതും ഭൂമിക്ക് അടിയിൽ അല്ലെങ്കിൽ അത്ര ഉയരത്തിൽ ആയിരിക്കില്ല നിർമ്മിക്കുക.
സങ്കീർണ്ണമായ പുറ്റുകൾ ഉണ്ടാക്കുന്ന ചിതൽ വിഭാഗമാണ് Macrotermes. ഒൻപത് മീറ്റർ ഉയരമുള്ള ചിതൽപ്പുറ്റുകൾ വരെ കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് ഇത്രയും സങ്കീർണ്ണമായ പുറ്റുകൾ ഉണ്ടാക്കാൻ പറ്റുന്നത് എങ്ങിനെ എന്ന് ധാരാളം പഠന വിധേയമാക്കിയ കാര്യമാണ്. ചിലതരം 'ഫിറോമോണുകൾ' ആണ് ഇവയെ ഇതുപോലെ നിർമ്മിക്കാൻ ഉത്തേജനം നൽകുന്നത് എന്ന് ചില ശാസ്ത്രകാരന്മാർ അഭിപ്രായപ്പെട്ടപ്പോൾ ചിലർ ഇത് ജനിതക പരമായി കൈമാറിയ ഗുണങ്ങൾ ആണ് എന്ന് വാദിക്കുന്നവരും ഉണ്ട്. കൃത്യമായ ഒരു ഉത്തരം കിട്ടാൻ ഇനിയും കൂടുതൽ കാലം കാത്തിരിക്കേണ്ടി വരും.
അപ്പോൾ പാമ്പുകൾക്ക് ഇവയുമായുള്ള ബന്ധം?
വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഷയമാണിത്. ചിതൽപ്പുറ്റുകൾക്ക് മുൻപിൽ നൂറും പാലും വച്ച് ആരാധന നടത്തുന്നത് ഒക്കെ ചിലപ്പോൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവും. [ചിതൽപ്പുറ്റുകളിൽ ഉള്ള ആരാധനയെപ്പറ്റി John C. Irwin തന്റെ പുസ്തകമായ The Sacred Anthill and the Cult of the Primordial Mound (History of Religions, Vol. 21, No. 4 (May, 1982), pp. 339-360) എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. ഇത് pdf ആയി ഓൺലൈൻ കിട്ടും]. എന്നാൽ, പാമ്പുകൾക്ക് ചിതൽപ്പുറ്റുകൾ ഉണ്ടാക്കുന്നതുമായി ഒരു ബന്ധവും ഇല്ല. ഇത് പാമ്പുകൾക്ക് സഹവസിക്കുവാനായി ഉണ്ടാക്കുന്നതും അല്ല.
പക്ഷെ, ഉപേക്ഷിക്കപ്പെട്ട ചിതൽപ്പുറ്റുകളിൽ ചിലതിൽ പാമ്പുകൾ മുട്ടയിടുവാനായി ഉപയോഗിക്കും; ചിലപ്പോൾ താമസിക്കാനും. അത് ചിതൽപ്പുറ്റുകൾ ഉണ്ടായി വർഷങ്ങൾ കഴിഞ്ഞാവും. പുതിയതായി ഉണ്ടായ ചിതൽപ്പുറ്റുകളിൽ പാമ്പുകൾ വരാനുള്ള സാധ്യത ഇല്ല.
പാമ്പുകൾ മാത്രമല്ല, തേളുകൾ, പാറ്റകൾ ഉൾപ്പെടെയുള്ള പല ജീവികളും ഇതുപോലെ ചിതലുകൾ ഉപേക്ഷിക്കപ്പെട്ട പുറ്റുകളിൽ താമസിക്കാറുണ്ട്.