സഹനടനായെത്തി നായകനും നിർമ്മാതാവുമൊക്കെയായി തിളങ്ങുകയാണ് അജു വർഗീസ്. സിനിമയിൽ പിച്ചവച്ച കാലം മുതൽ താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നിവിൻ എന്ന് ആരാധകർക്ക് അറിയാവുന്ന കാര്യമാണ്. ലവ് ആക്ഷൻ ഡ്രാമ ഉൾപ്പെടെയുള്ള നിരവധി സിനിമകളിലെ ഇവരുടെ കോംബോ സീൻ നമ്മളെ ഒരുപാട് ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അടുത്തിടെ ഇരുവരും തമ്മിൽ പിണക്കത്തിലാണെന്ന രീതിയിൽ ഗോസിപ്പുകൾ വന്നിരുന്നു. ഇപ്പോഴിതാ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിവിനുമായി പിണക്കത്തിലാണോ എന്നതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അജുവർഗീസ്.
'പിണക്കമൊന്നുമില്ല, ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിൽ നിവിൻ എത്താൻ വൈകിയപ്പോൾ അത് ശരിയല്ലെന്ന് വിളിച്ചുപറഞ്ഞു. നിർമ്മാതാവ് എന്ന നിലയിൽ എന്റെ ഭാഗത്ത് പക്വത കുറവുണ്ടായിരുന്നെന്ന് പിന്നീട് മനസിലായി. അപ്പോൾ കായംകുളം കൊച്ചുണ്ണിയുടെ സെറ്റിലായിരുന്നു അവൻ.
ആ കോലത്തിൽ നിവിൻ ലവ് ആക്ഷൻ ഡ്രാമയിൽ അഭിനയിക്കാൻ വന്നിട്ടും ഒരു പ്രയോജനവുമുണ്ടായിരുന്നില്ല. മുടിയൊക്കെ മുറിച്ച് കളഞ്ഞ് ഇരുണ്ട നിറമുള്ള കൊച്ചുണ്ണിയുടെ ഗെറ്റപ്പ് കണ്ടപ്പോഴേ നിവിനിൽ നിന്ന് ദിനേശനെ കിട്ടാൻ കാത്തിരിക്കേണ്ടിവരുമെന്നുറപ്പായിരുന്നു. അന്നും ഇന്നും എന്നും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്'- അജു വർഗീസ് പറഞ്ഞു.