ഏറെ പ്രതീക്ഷകളോടെയാണ് ടെസ്ലയുടേയും സ്പേസ് എക്സിന്റെയും സ്ഥാപകനായ ഇലോൺ മസ്ക്ക് വാഹന ലോകത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുമായിരുന്ന 'സൈബർട്രക്ക്' എന്ന വാഹനം പുറത്തിറക്കുന്നത്. എന്നാൽ പൂർണമായും ഇലക്ട്രോണിക് ആയ ഈ പിക്ക് അപ്പ് ട്രക്കിന്റെ ഏറെ പ്രതീക്ഷകളോടെ നടത്തിയ ആദ്യപ്രദർശനം സത്യത്തിൽ പരാജയം തന്നെയായിരുന്നു. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ഒരിക്കലും പൊട്ടില്ല എന്ന് ഉറപ്പ് പറഞ്ഞിരുന്ന 'ആർമർ ഗ്ലാസ്' ആണ് മസ്‌ക്കിനെ ചതിച്ചത്. ഏറ്റവും കടുപ്പമേറിയ ചില്ല് എന്ന് മസ്ക്ക് വിശേഷിപ്പിച്ച ഈ ഗ്ളാസ് ഒരു ചെറിയ ലോഹ ഗോളം വന്ന് വീണപ്പോൾ തന്നെ തകരുകയായിരുന്നു. അതും വീഡിയോ സ്ട്രീം വഴിയും മറ്റും ട്രക്കിന്റെ ആദ്യപ്രദർശനം വീക്ഷിക്കുകയായിരുന്ന ലക്ഷക്കണക്കിന് പേരുടെ മുൻപിൽ വച്ച്.
മസ്ക്ക് തന്നെയാണ് ചില്ലിന്റെ കടുപ്പം പരീക്ഷിക്കാൻ സൈബർട്രക്കിന്റെ ഡിസൈനറായ ഫ്രാൻസ് വോൺ ഹോൾസ്ഹൗസനെ കൈയിൽ ലോഹപന്തുകളും കൊടുത്ത് വേദിയിലേക്ക് ആനയിച്ചത്. 'ഇത് ചെയ്യണമോ?' എന്ന ഹോൾസ്ഹൗസന്റെ ചോദ്യത്തെ അവഗണിച്ചുകൊണ്ട് വാഹനത്തിന്റെ ഗ്ലാസ്സിലേക്ക് ലോഹബോളുകൾ എറിയാൻ മസ്ക്ക് ആവശ്യപ്പെടുകയായിരുന്നു. ഒന്നല്ല, രണ്ടു തവണ. മസ്‌ക്കിന്റെ വിജയങ്ങളെ കണ്ട് ശീലിച്ച ടെക്ക് ലോകം പക്ഷെ ഈ പരാജയത്തിൽ നടുങ്ങിപോകുകയായി. ട്രക്കിന്റെ നിഷ്പ്രയാസം ചില്ല് പൊട്ടുന്നത് കണ്ട് ഒന്നു പതറിയ മസ്ക്ക് ആ പരാജയം തമാശകൾ പറഞ്ഞ് മറയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഈ ഒരു ചെറിയ പരാജയം കൊണ്ടുമാത്രം ഇലോൺ മസ്‌ക്കിനുണ്ടായിരിക്കുന്ന നഷ്ടം ഭീമമാണ്. 768 ഡോളറാണ് ഒറ്റ ദിവസം കൊണ്ട് മാത്രം മസ്‌ക്കിന്റെ മൊത്തം ആസ്തിയിൽ നിന്നും നഷ്ടമായത്.
തങ്ങൾ ചുറ്റികകളും മറ്റ് ഭാരമുള്ള വസ്തുക്കളും കിച്ചൻ സിങ്ക് പോലും വാഹനത്തിന്റെ ഗ്ലാസിലേക്ക് വലിച്ചെറിഞ്ഞതാണെന്നും അപ്പോഴൊന്നും അത് പൊട്ടിയില്ലെന്നും മസ്ക്ക് വിശദീകരണം നൽകുന്നുണ്ടെങ്കിലും ടെക്ക് ലോകം അതൊന്നും സ്വീകരിച്ച മട്ടില്ല. നിമിഷനേരം കൊണ്ടാണ് വാഹനത്തിന്റെ ചില്ല് തകരുന്ന വീഡിയോ ഇന്റർനെറ്റിലൂടെ പ്രചരിച്ചത്. അതോടെ ടെസ്ലയുടെയും മസ്ക്കിന്റെയും വിശ്വാസ്യതയിലും ഇടിവ് സംഭവിക്കുകയായിരുന്നു. 39,900 ഡോളർ വിലയുള്ള സൈബർട്രക്ക്, ഫോസിൽ ഫ്യൂവൽ ഉപയോഗിച്ച് ഓടുന്ന ട്രക്കുകൾക്ക് പകരമായാണ് വികസിപ്പിച്ചെടുത്തത്. ജെയിംസ് ബോണ്ട് ചിത്രമായ 'ദ സ്പൈ ഹൂ ലവ്ഡ് മി' എന്ന ചിത്രത്തിൽ ബോണ്ട് ഉപയോഗിക്കുന്ന വാഹനമായ 'ലോട്ടസ് എറ്റ് എസ് വൺ' എന്ന വാഹനത്തിന്റെ ഡിസൈനാണ് സൈബർട്രക്കിനും നൽകിയിരിക്കുന്നത്. എന്നാൽ ബൾക്കി ഫീൽ നൽകുന്ന ഈ ഡിസൈനും വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.