പനാജി : അകാലത്തിൽ അന്തരിച്ച ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണന് രാജ്യാന്തര ചലച്ചിത്രോത്സവം ഇന്നലെ അഞ്ജലി അർപ്പിച്ചു.രാധാകൃഷ്ണൻ അവസാനമായി ഛായ പകർന്ന ചിത്രങ്ങളിലൊന്നായ ഡോ.ബിജുവിന്റെ വെയിൽമരങ്ങളാണ് ഹോമേജ് വിഭാഗത്തിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചത്. രാധാകൃഷ്ണന്റെ മകൻ ഛായാഗ്രാഹകൻ കൂടിയായ യദു രാധാകൃഷ്ണൻ ചടങ്ങിൽ ഇഫിയുടെ ആദരവ് ഏറ്റുവാങ്ങി. രാധാകൃഷ്ണനെക്കുറിച്ചുളള ഓർമ്മകൾ സംവിധായകൻ ബിജു പങ്കുവച്ചു.
രാധാകൃഷ്ണനുമൊത്ത് ആറുതവണ ഗോവ ഫെസ്റ്റിവലിൽ പങ്കെടുത്തിട്ടുണ്ട്. നാലുതവണ തന്റെ ചിത്ര്രങ്ങൾ പനോരമയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് മേളയുടെ അതിഥികളായിട്ടാണ് ഞങ്ങൾ വന്നത്. അല്ലാതെ രണ്ട് തവണ ഫെസ്റ്റിവൽ കാണാനും ഒരുമിച്ചുവന്നു.വെയിൽമരങ്ങളുടെ ചിത്രീകരണം ഹിമാചൽപ്രദേശിലായിരുന്നു. രാധാകൃഷ്ണൻ ചേട്ടൻ ഒപ്പമില്ലെന്ന് ആലോചിക്കാനാകുന്നില്ലെന്നും ബിജു പറഞ്ഞു.
അച്ഛന്റെ ഓർമ്മ പകരുന്ന കരുത്ത്
അച്ഛനാണ് തന്നെ ഇപ്പോഴും മുന്നോട്ടു നയിക്കുന്നതെന്ന് യദു രാധാകൃഷ്ണൻ കേരളകൗമുദിയോട് പറഞ്ഞു. കഴിഞ്ഞതവണ അച്ഛനുമൊത്താണ് വന്നത്. എന്റെ ഛായാഗ്രഹണത്തിന് കരുത്തേകുന്നത് അച്ഛന്റെ ഓർമ്മകളാണ്. അച്ഛന്റെയൊപ്പം നിരവധി ചിത്രങ്ങളിൽ അസിസ്റ്റ് ചെയ്തിരുന്നു .ഡോ.ബിജു സംവിധാനം ചെയ്യുന്ന ഓറഞ്ച് മരങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ യദു സ്വതന്ത്ര ഛായാഗ്രാഹകനാവുകയാണ്. ചിത്രത്തിന്റെ രണ്ട് ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയായി.
വെയിൽമരങ്ങളുടെ വീടിന് നല്ല പ്രതികരണം
ഡോ.ബിജുവിന്റെ ഏറ്റവും പുതിയചിത്രം കൂടിയായ വെയിൽമരങ്ങൾ പ്രേക്ഷകർ ഇന്നലെ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. കേരളത്തിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട് അഭയാർത്ഥികളായി കഴിയേണ്ടിവന്ന ഒരു കുടുംബം അതിജീവനത്തിനായി ഹിമാചൽപ്രദേശിലേക്ക് പോകുന്നതും അവിടെ അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ദ്രൻസ്,ഗോവർദ്ധൻ,സരിതകുക്കു എന്നിവർ മികച്ച അഭിനയമാണ് കാഴ്ചവയ്ക്കുന്നത്.
സംഘാടകർക്ക് വിമർശനം
എം.ജെ.രാധാകൃഷ്ണന് ആദരവ് അർപ്പിക്കുന്ന ചടങ്ങിന്റെ തുടക്കത്തിൽ സംഘാടകർ ആരും തിരിഞ്ഞുനോക്കാതിരുന്നത് ഡെലിഗേറ്റുകളുടെ വിമർശനത്തിനിടയാക്കി.സിനിമ കഴിഞ്ഞ് പ്രേക്ഷകർ ഇറങ്ങിത്തുടങ്ങിയ വേളയിലാണ് ഫെസ്റ്റിവൽ ഡെപ്യൂട്ടിഡയറക്ടർ തനു റോയ് പ്രേക്ഷകർ ഒരുനിമിഷം ഇരിക്കണമെന്ന അഭ്യർത്ഥനയുമായി തിരക്കിട്ടെത്തിയത്.തുടർന്നായിരുന്നു സംവിധായകനേയും രാധാകൃഷ്ണന്റെ മകനേയും വേദിയിലേക്ക് ക്ഷണിച്ചത്.സാധാരണ സിനിമ തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് ഇത്തരം ചടങ്ങുകൾ നടത്താറുളളത്.
ലെനിനെ വിസ്മരിച്ചു
പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രന് ആദരാഞ്ജലിയർപ്പിക്കാൻ ഇഫി വിസ്മരിച്ചത് മലയാളി ഡെലിഗേറ്റുകളുടെയിടയിൽ കടുത്ത അമർഷം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രമായിട്ടും രാജ്യന്തര മത്സര വിഭാഗത്തിലുമടക്കം പലവട്ടം ലെനിന്റെ ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളതാണ്. സംഘാടകസമിതിയിൽ പ്രവർത്തിക്കുന്ന മലയാളികളെയാണ് എല്ലാവരും പഴിപറയുന്നത്.
നിറഞ്ഞ സദസിൽ പാരസൈറ്റ്സ്
ഇക്കുറി കാനിൽ പാം ഡി ഓർ പുരസ്കാരം നേടിയ ദക്ഷിണ കൊറിയൻ ചിത്രം പാരസൈറ്റ്സ് ഇന്നലെ നിറഞ്ഞ സദസിൽ പ്രദശിപ്പിച്ചു.ബോംഗ് ജുവാൻ സംവിധാനം ചെയ്ത ഈ ചിത്രം അതിജീവനത്തിനായി ഒരു കുടുംബം സ്വീകരിക്കുന്ന തന്ത്രങ്ങളിലൂടെ സമൂഹത്തിന്റെ ഇന്നത്തെ സ്ഥിതിയെ അനാവരണം ചെയ്യുന്നതാണ്.
മനു അശോകൻ സംവിധാനം ചെയ്ത ഉയരെ, ജയരാജിന്റെ ഹ്രസ്വചിത്രം ശബ്ദിക്കുന്ന കലപ്പ എന്നീ ചിത്രങ്ങളും ഇന്നലെ മികച്ച പ്രതികരണം നേടി.