മറയൂർ: കേരള-തമിഴ്നാട് അതിർത്തിയായ ഉദുമൽപേട്ടയിൽ ഭാര്യ ഭർത്താവിനെ വടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. മംഗലശാല സുൽത്താൻ പേട്ടയ്ക്ക് സമീപം മീനാക്ഷി നഗർ സ്വദേശിയായ വെങ്കിടേശിനെ(49)യാണ് ഭാര്യ ഉമാദേവി കൊലപ്പെടുത്തിയത്. നവംബർ 17നാണ് സംഭവം.
വാഹനാപകടത്തിൽ പരിക്കേറ്റെന്നും പറഞ്ഞാണ് ഉമാദേവി ഗുരുതരമായി പരിക്കേറ്റ വെങ്കിടെശിനെ കോയമ്പത്തൂരിലെ ആശുപത്രിയിലെത്തിച്ചത്. ശേഷം മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് വാഹനാപകടമല്ല മരണകാരണമെന്നറിയുന്നത്. തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു.
മംഗലം പൊലീസ് ഉമാദേവിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തി ചുരുളഴിയുന്നത്. മദ്യത്തിന് അടിമയായ ഭർത്താവ് 2000രൂപ വിലമതിക്കുന്ന മികിസി വിറ്റ് കള്ളുകുടിച്ചെന്നും, അതിന്റെ ദേഷ്യത്തിന് വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു.