ncp1

മുംബയ്: മഹാരാഷ്ട്ര സർക്കാർ രൂപീകരണ പ്രതിസന്ധി രൂക്ഷമായ വേളയിൽ തങ്ങളെ വിട്ടുപോയ എം.എൽ.എമാർ വൈകിട്ടോടെ തിരിച്ചെത്തുമെന്ന് എൻ.സി.പി. പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് എൻ.സി.പി ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. അതേസമയം ബി.ജെ.പിയോടൊപ്പം പോയ എൻ.സി.പി എം.എൽ.എ മാണിക്ക് റാവു കോക്കഡെ തിരിച്ചെത്തിയതായും പാർട്ടി പറയുന്നു. അജിത് പവാറിനൊപ്പമുള്ള അഞ്ചിൽ മൂന്ന് എം.എൽ.എമാരോടും തങ്ങൾ സംസാരിച്ചതായും പാർട്ടി വെളിപ്പെടുത്തി.

ഇന്നലെ ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ എൻ.സി.പിയുടെ ആകെയുള്ള 54 എം.എൽ.എമാരിൽ 49 പേരും പങ്കെടുത്തതായി അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കിയിരുന്നു. ശേഷിക്കുന്ന അഞ്ചു പേരും ഇന്നു വൈകിട്ടോടെ തിരിച്ചെത്തുമെന്നാണ് എൻ.സി.പി പറയുന്നത്. അനിൽ പാട്ടിൽ, ബാബാസാഹിബ് പാട്ടിൽ, ദാരോദ എന്നീ എം.എൽ.എമാരുമായാണ് എൻ.സി.പി ശരദ് പവാർ നേതൃത്വം ബന്ധപ്പെട്ടത്.
ഭൂരിപക്ഷം സംബന്ധിച്ച് ഗവർണർക്ക് തെറ്റായ കത്ത് നൽകിയാണ് ബിജെപി സർക്കാർ അധികാരത്തിലെത്തിയതെന്നും സർക്കാരിനു ഭൂരിപക്ഷമില്ലെന്നും എൻ.സി.പി പറയുന്നു.

എൻ.സി.പി എം.എൽ.എമാരിൽ ഉപമുഖ്യമന്ത്രി അജിത് പവാറിനൊപ്പമുണ്ടെന്നു വിശ്വസിക്കുന്ന അഞ്ച് പേരിൽ രണ്ടു പേരും ശരദ് പവാറിനെ വിളിച്ചിരുന്നു. മൂന്നാമൻ സമൂഹമാദ്ധ്യമത്തിലൂടെ വിഡിയോ കോളും ചെയ്തു. സുപ്രീംകോടതിയുടെ ഇന്നത്തെ നിർദേശം മാനിച്ച് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയാണ് വേണ്ടതെന്നും എൻ.സി.പി അഭിപ്രായപ്പെട്ടു. സർക്കാർ രൂപീകരണം സംബന്ധിച്ച് ഗവർണർക്ക് നൽകിയ രണ്ടു കത്തുകളും നാളെ 10.30ക്ക് ഹാജരാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.

ഇതിലൊന്ന് ദേവേന്ദ്ര ഫഡ്നാവിസിന്റെ കത്തും രണ്ടാമത്തേത് അജിത് പവാർ നൽകിയതുമാണ്‌. ഇവ ശരിയായ കത്തുകൾ തന്നെയാണോ എന്നും രണ്ട് കക്ഷികൾക്കും ഭൂരിപക്ഷമുണ്ട് എന്ന് ഗവർണർക്ക് ബോധ്യമായോ എന്നും കോടതി പരിശോധിക്കും. സർക്കാരുണ്ടാക്കാൻ ദേവേന്ദ്ര ഫഡ്നാവിസിന് ഏത് തരത്തിലുള്ള ഉത്തരവാണ് ഗവർണർ നൽകിയതെന്നും കോടതി പരിശോധിക്കും.ഗവർണർ തന്റെ വിവേചനാധികാരം ശരിയായ രീതിയിലാണോ വിനിയോഗിച്ചത് എന്നും സുപ്രീം കോടതിക്ക് പരിശോധിക്കേണ്ടതായുണ്ട്.