ലണ്ടൻ: ബ്രിട്ടനിലെ ലോകപ്രശസ്‌തമായ എൽ - 3 ഹാരിസ് എയർലൈൻ അക്കാഡമിയിലെ മൂന്നു വർഷത്തെ പൈലറ്റ് പരിശീലന കോഴ്സിനുള്ള കഠിനമായ പ്രവേശന പരീക്ഷയിൽ മലയാളി പെൺകുട്ടി ഉന്നത വിജയം നേടി. വർക്കല സ്വദേശിയായ ഐശ്വര്യ എന്ന 17കാരിയാണ് ഈ നേട്ടം കൈവരിച്ചത്. ഈ കോഴ്‌സിൽ പ്രവേശനം കിട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയാണ് ഐശ്വര്യ. ലണ്ടനിലെ മിക്ക പത്രങ്ങളും ഐശ്വര്യയുടെ നേട്ടം വാർത്തയാക്കി.
കോഴ്സിന്റെ ഫീസ് 81 ലക്ഷം രൂപയാണ്.
മകളുടെ സ്വപ്നമാണ് പൈലറ്റ് ആവുക എന്നത്. ആ സ്വപ്നം സാക്ഷാൽക്കരിക്കാൻ ഇത്രയും ഭാരിച്ച തുക കണ്ടെത്താൻ കുറച്ചു കാലം കൂടി ജോലി ചെയ്‌ത് റിട്ടയർമെന്റ് നീട്ടാനാണ് ഐശ്വര്യയുടെ അച്ഛൻ ബിജു ബാലചന്ദ്രന്റെ പദ്ധതി. പിന്തുണയുമായി അമ്മ രജിതയും ഉണ്ട്.
കോഴ്സ് പാസാകുന്നതോടെ ഐശ്വര്യയ്‌ക്ക് എയർലൈൻ ട്രാൻസ്‌പോർട്ട് പൈലറ്റ് ലൈസൻസ് – ATPL ലഭിക്കും. ഈ അക്കാഡമിക്ക് ലോകമെമ്പാടും 31 എയർലൈനുകളുമായി ബന്ധമുള്ളതിനാൽ ജോലി കിട്ടാൻ എളുപ്പമാണ്.
വർക്കല, അയിരൂരിൽ വലിയവിള വീട്ടിൽ പരേതനായ ശ്രീധരന്റെ മകളാണ് ലണ്ടനിൽ ജനിച്ചു വളർന്ന ഐശ്വര്യയുടെ അമ്മ രജിത. കോട്ടയം കൂട്ടിക്കലിൽ പരേതനായ ഡോ. ബാലചന്ദ്രന്റെ മകനാണ് അച്ഛൻ ബിജു. ഐശ്വര്യയുടെ സഹോദരി അശ്വതി മെഡിക്കൽ (ഹൗസ് സർജൻസി ) വിദ്യാർത്ഥിനിയാണ്.