-red-desert

ചുവന്ന മരുഭൂമി കണ്ടിട്ടുണ്ടോ?​ അതും കേരളത്തിന്റെ തൊട്ടടുത്ത്. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലാണ് ഈ ചുവന്ന മരുഭൂമിയുള്ളത്. പ്രദേശത്തെ മണലിന്റെ നിറം ചുവപ്പായതുകൊണ്ടുതന്നെയാകാം ചുവന്ന മരുഭൂമി എന്ന വിളിപ്പേര് വന്നതും. ഇവിടെ മരങ്ങളും കാടും കുറ്റിച്ചെടികളും കാണാം. ചെറിയ റോഡുകളിലൂടെ നടന്നുവേണം ഇവിടെയെത്താൻ. തമിഴ്നാട്ടിലെ തിരുനെൽവേളി ജില്ലയിലെ തേറികാട് എന്ന സ്ഥലത്താണ് ഈ മരുഭൂമി സ്ഥിതി ചെയ്യുന്നത്.

കാർക്കുവേൽ അയ്യനാർ ക്ഷേത്രം, അരും ചുനൈ കാത്ത അയ്യനാർ ക്ഷേത്രം എന്നിങ്ങനെ രണ്ട് പ്രസിദ്ധമായ ക്ഷേത്രങ്ങൾ തേറിക്കാടിനടുത്തുണ്ട്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചുവന്ന മണൽപരപ്പിൽ ഇടയ്ക്കിടെ അതിരിടുന്ന പച്ചപ്പ് കാണാം. മരുഭൂമിയിലേക്ക് അധികം കയറിപ്പോയാൽ വഴിതെറ്റാനും സാദ്ധ്യതയുണ്ട്. ഇവിടെ കാറ്റിൽ മൺകൂനകൾ നീങ്ങികൊണ്ടിരിക്കും. ഇതുതന്നെയാണ് വഴിതെറ്റിപ്പോകാൻ പ്രധാന കാരണവും.

തൂത്തുകുടിയിൽനിന്നും തിരുനെൽവേലിയിൽനിന്നും 50 - 60 കി.മീ ദൂരം താണ്ടിയാൽ ഇവിടെ എത്തിച്ചേരാം. ഇവിടെനിന്നും മൂന്ന് കി.മീ നടക്കണം, തേറികാടിലെത്താൻ. ആട്ടോ ലഭ്യമാണ്. ഒരു കി.മീ ചെന്നാൽ ഒരു ഗ്രാമുണ്ട്. അവിടെ മാത്രമേ ആൾതാമസമുള്ളൂ. സഞ്ചാരികൾക്കായി വിശ്രമസ്ഥലവും അവിടെ ഒരുക്കിയിട്ടുണ്ട്.