തൃശൂർ: കഴിഞ്ഞ മൂന്ന് മാസമായി തൃശൂർ വനിതാ പൊലീസ് സ്റ്റേഷനിലെ ഫോണിലേക്ക് വരുന്നത് തെറി കോളുകളാണ്. ഇതെല്ലാം ചെയ്യുന്നതാകട്ടെ ജോസ് എന്ന തുമ്പ സ്വദേശിയും. ഫോൺ എടുക്കാൻ തന്നെ പൊലീസുകാർക്ക് മടിയായിത്തുടങ്ങി. പ്രതിയെ പിടിക്കാൻ സൈബർ സെൽ മുന്നിട്ടിറങ്ങി. മൂന്ന് മാസങ്ങൾക്ക് ശേഷം ഇയാൾ പിടിയിലായി.
മൊബൈൽ നമ്പർ ഇടയ്ക്കിടെ മാറ്റുന്നതും, വീട്ടിൽ സ്ഥിരമായി താമസിക്കാത്തതുമാണ് പൊലീസുകാർക്ക് ഇയാളെ പിടികൂടാൻ മൂന്ന് മാസം പാടുപെടേണ്ടിവന്നത്.കഞ്ചാവിന്റെ ലഹരിയിലാണ് പ്രതി വനിതാ പൊലീസുകാരെ വിളിക്കുന്നത്. ഇവരുടെ മൊബൈൽ നമ്പർ തപ്പിയെടുത്ത് അതിൽ വിളിച്ചും തെറി വിളിക്കാറുണ്ട്.
സംസ്ഥാനത്തെ ഒരു മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥയെപ്പോലും ജോസ് ഫോണിൽ തെറി വിളിച്ചിട്ടുണ്ട്. എന്താണ് ഇത്തരത്തിൽ തെറി വിളിക്കുമ്പോൾ കിട്ടുന്നതെന്ന് പൊലീസുകാർ ചോദിക്കുമ്പോൾ,'ഒരു സുഖം' എന്നാണ് മറുപടി. ശിക്ഷ കഴിഞ്ഞിറങ്ങുമ്പോൾ അടുത്ത വനിതാ സ്റ്റേഷൻ തപ്പി തെറി വിളി തുടങ്ങുമെന്ന കാര്യത്തിൽ സംശയമില്ല.