മുംബയ്: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ബി.ജെ.പിക്കൊപ്പം ചേർന്ന എൻ.സി.പി നേതാവും പിതൃ സഹോദര പുത്രനുമായ അജിത് പവാറിനെ ലക്ഷ്യമിട്ട് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വഴി പ്രതികരണവുമായി ശരത് പവാറിന്റെ മകൾ സുപ്രിയ സുലെ. ''അധികാരം വരും പോകും. ബന്ധങ്ങളാണ് വലുത്.'' എന്നായിരുന്നു ഇന്നലെ സുപ്രിയയുടെ വാട്ട്സ് ആപ്പ് സ്റ്റാറ്റസ്. അജിത് പവാർ ബി.ജെ.പിക്കൊപ്പം പോയതോടെ പവാർ കുടുംബത്തിലും വലിയ പൊട്ടിത്തെറികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അജിതിനെ തിരികെ ശരത് പവാർ ക്യാമ്പിലെത്തിക്കാനാണ് സുപ്രിയ അടക്കം മുതിർന്ന നേതാക്കളുടെ ശ്രമം.
''അന്തിമ വിജയം മൂല്യങ്ങൾക്കായിരിക്കും. നീതിയും കഠിനാദ്ധ്വാനവും ഒരിക്കലും പാഴാകില്ല. കഷ്ടപ്പാടിലാണെങ്കിലും ഏറെക്കാലം അതു നീണ്ടുനിൽക്കും"- മറ്റൊരു വാട്ട്സ് ആപ്പ് സ്റ്റാറ്റസിലെ കുറിപ്പിൽ സുപ്രിയ വ്യക്തമാക്കി. ശനിയാഴ്ച, ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ, കുടുംബവും പാർട്ടിയും പിളർന്നെന്ന് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വഴി സുപ്രിയ പ്രതികരിച്ചിരുന്നു.