sarad-pawasupriya-pule

മുംബയ്: അവസാന നിമിഷത്തിൽ ബി.ജെ.പിയെ പിന്തുണയ്ക്കാൻ അജിത് പവാർ പോയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ നിർണായക പ്രതികരണവുമായി എൻ.സി.പി നേതാവ് ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ. അധികാരം വരും പോകും ബന്ധങ്ങളാണ് വിഷയമെന്നാണ് ഞായറാഴ്ച രാവിലെയിട്ട വാട്സാപ്പ് സ്റ്റാറ്റസിലൂടെ സുപ്രിയ പ്രതികരിച്ചിരിക്കുന്നത്.

അജിത് പവാറിനെ ലക്ഷ്യമിട്ടാണ് സുപ്രിയയുടെ വാട്സാപ്പ് സ്റ്റാറ്റസെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 'അന്തിമമായ വിജയം മൂല്യങ്ങൾക്കായിരിക്കും,​ നീതിയും കഠിനാധ്വാനവും ഒരിക്കലും പാഴാകില്ല. കഷ്ടപ്പാടിലാണെങ്കിലും അത് ഏറെക്കാലം നീണ്ടുനിൽക്കുമെന്നും'- സുപ്രിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ഇന്നലെയാണ് അജിത് പവാർ ബി.ജെ.പിക്കൊപ്പം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ബി.ജെ.പിക്കൊപ്പം നിൽക്കാനുള്ള അജിത് പവാറിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സുപ്രിയ കഴിഞ്ഞ ദിവസം തന്നെ വാടാസാപ്പ് സ്റ്റാറ്റസിലൂടെ രംഗത്തെത്തിയിരുന്നു.

പാർട്ടിയും കുടുംബവും പിളർന്നെന്നാണ് സുപ്രിയ പ്രതികരിച്ചത്. ജീവിതത്തിൽ ആരെയാണ് വിശ്വസിക്കാൻ കഴിയുക എന്നും സുപ്രിയ സുലെ തന്റെ വാട്സാപ്പ് സ്റ്റാറ്റസിലൂടെ ചോദിച്ചിരുന്നു. ഇതിനുമുൻപ് ഒരിക്കലും ഇങ്ങനെ ചതിക്കപ്പെട്ട ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും താൻ അജിത്തിനെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നുവെന്നും അതിന് തനിക്ക് ചതിയാണ് പകരം കിട്ടിയതെന്നും സുപ്രിയ സുലെ പറഞ്ഞിരുന്നു. അതേസമയം, മഹാരാഷ്ട്രയിൽ ബി.ജെ.പിയോടൊപ്പം സഖ്യം ചേരാനുള്ള തീരുമാനം അജിത് പവാറിന്റെ വ്യക്തിപരമായ നീക്കമാണെന്നായിരുന്നു എൻ.സി.പി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന്റെ പ്രതികരണം.