തിരുവനന്തപുരം : പട്ടികവർഗ വികസനവകുപ്പിനു കീഴിലെ സ്കൂൾ വിദ്യാർത്ഥികളുടെ കായിക മാമാങ്കമായ കളിക്കളത്തിലെ ആദ്യദിനം തന്നെ മീറ്റ് റെക്കാഡ് പിറന്നു. പതിനാറ് വയസ്സിൽ താഴെ ഉള്ള സീനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ കണ്ണൂർ എം.ആർ.എസ്സിലെ കെ.കെ രാഹുൽ ആണ് 49.25 മീറ്റർ എറിഞ്ഞു റെക്കാഡ് കുറിച്ചത്. നിലവിലെ റെക്കാഡ് 46 മീറ്റർ ആണ്. കണ്ണൂർ എം.ആർ.എസ്സിലെ കോച്ച് രാജേഷിന്റെ പരിശീലനത്തിലാണ് രാഹുലിന്റെ ഈ നേട്ടം.
ഈ വർഷത്തെ സംസ്ഥാന കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ എട്ടാം സ്ഥാനമായിരുന്നു രാഹുലിന്. കണ്ണൂർ പേരാവൂർ സ്വദേശിയാണ് രാഹുൽ. മത്സരത്തിൽ നൂൽപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പി.ആർ സതീഷ് 43.33 മീറ്ററോടെ രണ്ടാം സ്ഥാനവും മാനന്തവാടി ട്രൈബൽ ഡെപലപ്പ്മെന്റ് ഓഫീസിനു കീഴിലെ ഹോസ്റ്റലിലുള്ള ഉണ്ണികൃഷ്ണൻ 43.11 മീറ്ററോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.