വിപ്ലവത്തിനും വിവാദത്തിനും ഒരുമിച്ച് വഴിതുറന്ന് ടെസ്‌ല അവതരിപ്പിച്ച പുത്തൻ ഇലക്‌ട്രിക് വാഹനമാണ് സൈബർട്രക്ക്. സമ്പദ്‌രംഗത്തെ മുഖ്യഘടകമായ ചരക്കുനീക്കത്തിന്റെ അനിവാര്യതയായ പിക്കപ്പുകൾക്ക് ലോകമാകെ നല്ല ഡിമാൻഡുണ്ട്. 'ഭാവിയിലേക്കൊരു ചുവടെന്ന" വിശേഷണവുമായി ഇലക്‌ട്രിക് മോട്ടോറുകൾ ഘടിപ്പിച്ച്, ടെസ്‌ല ഒരുക്കുന്ന സൈബർട്രക്കിന് സവിശേഷതകളും ഏറെ.

ബ്ളേഡ്-റണ്ണറിൽ നിന്ന് പ്രചോദനമുൾക്കൊണ്ട സൈബർട്രക്കിന്റെ രൂപകല്‌പന, പിക്കപ്പുകൾക്കിടെയിൽ പുതിയ ട്രെൻഡ് തന്നെ സൃഷ്‌ടിക്കും. എന്നാൽ, സ്‌പേസ്‌ക്രാഫ്‌റ്ര് പോലെ തോന്നുന്ന സൈബർട്രക്കിന്റെ ഈ രൂപം, വികൃതമാണെന്ന വിമർശനവുമുണ്ട്. ഫോഡ്, ജനറൽ മോട്ടോഴ്സ് എന്നിവയെ വെല്ലുവിളിച്ചാണ് സൈബർട്രക്കിന്റെ കടന്നുവരവ്.

ജനറൽ മോട്ടോഴ്‌സിന്റെ ഇലക്‌ട്രിക് പിക്കപ്പ് 2021ൽ വിപണിയിലെത്തും. സൈബർട്രക്കിനും ഏതാണ്ട് അതേസമയമാണ് വിപണി പ്രവേശനം ടെസ്‌ല ഉദ്ദേശിക്കുന്നത്. സൈബർട്രക്കിന്റെ രൂപത്തോട് വിമർശനം ഉയർന്നതോടെ, ഓഹരി വിപണിയിൽ ടെസ്‌ലയുടെ മൂല്യം ആറു ശതമാനം ഇടിഞ്ഞു. എന്നാൽ, ഫോഡും ജനറൽ മോട്ടോഴ്‌സും രണ്ടുശതമാനം നേട്ടമുണ്ടാക്കി.

കഴിഞ്ഞദിവസം ലോസ് ഏഞ്ചലസിൽ തിങ്ങിനിറഞ്ഞ സദസിന് മുന്നിലാണ് ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌ക്, സൈബർട്രക്കിനെ അവതരിപ്പിച്ചത്. ട്രക്കിന്റെ കരുത്ത്, രൂപകല്‌പന, നിർമ്മാണനിലവാരം എന്നിവയെക്കുറിച്ച് പരിപാടിയിൽ മസ്‌ക് വാനോളം പുകഴ്‌ത്തി. അതേസമയം, ബുള്ളറ്റ്പ്രൂഫ് വിൻഡോഷീൽഡിന്റെ കരുത്ത് വ്യക്തമാക്കാൻ മസ്‌ക് നടത്തിയ പരീക്ഷണം പാളിയതും ഓഹരിമൂല്യത്തെ ബാധിച്ചു.

സഹപ്രവർത്തകനോട് വണ്ടിയുടെ മുൻവശത്തെ ഇടത് ചില്ലിൽ മെറ്റൽ ബോൾ എറിയാൻ മസ്‌ക് ആവശ്യപ്പെട്ടു. ഏറുകൊണ്ട ചില്ല് പൊട്ടിത്തകർന്നു! സദസിന് മുന്നിൽ ചമ്മിനിന്ന എലോൺ മസ്‌ക്, പറഞ്ഞതിങ്ങനെ ''ആ ഏറ് അടുത്തു നിന്നായിരുന്നു, ശക്തവുമായിരുന്നു". രണ്ടാമത്തെ ചില്ലിൽ അല്‌പം ശക്തികുറച്ച് എറിയാൻ മലോൺ പറഞ്ഞു. ആ ഏറിലും ചില്ല് തകർന്നു!

''ഓ, ബോൾ വണ്ടിയുടെ അകത്തേക്ക് വീണില്ലല്ലോ"" എന്ന കമന്റാണ്, ഏറെനിന്നം മ്ളാനനായി നിന്നശേഷം മസ്‌ക് പാസാക്കിയത്.

0-100km വേഗം, വെറും

3 സെക്കൻഡിൽ

ആറുപേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ള ടെസ്‌ല സൈബർട്രക്കിന് മൂന്ന് വേരിയന്റുകളുണ്ട്. ഓഫ്റോഡ് കരുത്തോടെയുള്ള സൈബർട്രക്ക് ഒറ്റ ചാർജിംഗിൽ 800 കിലോമീറ്റർ വരെ ഓടും. സിംഗിൾ മോട്ടോർ - റിയർവീൽ ഡ്രൈവ് വേരിയന്റ് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം, 3400 കിലോഗ്രാം ഭാരശേഷിയോടെ 6.5 സെക്കൻഡിൽ കൈവരിക്കും.

ഡ്യുവൽ ഇലക്‌ട്രിക് വേരിയന്റ്, 4500 കിലോഗ്രാം ഭാരവുമായി ഇതേ വേഗം 4.5 സെക്കൻഡിൽ നേടും. മൂന്ന് ഇലക്‌ട്രിക് മോട്ടോറുള്ള വേരിയന്റിന് ഈ വേഗം കൈവരിക്കാൻ മൂന്ന് സെക്കൻഡ് മതി. ഭാരശേഷി 6,350 കിലോഗ്രാം.

2 ദിവസം, 1.46 ലക്ഷം

ഓർ‌ഡറുകൾ

വിമർശനങ്ങ കടത്തിവെട്ടുന്ന ഓർഡറുകളും ടെസ്‌ല സൈബർട്രക്ക് കിട്ടുന്നുണ്ട്. അവതരിപ്പിക്കപ്പെട്ട്, രണ്ടുദിവസത്തിനിടെ തന്നെ 1.46 ലക്ഷം യൂണിറ്റുകളുടെ ഓർഡർ ലഭിച്ചു. 2021ലാണ് സൈബർട്രക്ക് വില്‌പനയ്ക്കെത്തുക. ഓർഡറുകൾ ഇങ്ങനെ:

ഡ്യുവൽ മോട്ടോർ : 42%

ട്രിപ്പിൾ മോട്ടോർ : 41%

സിംഗിൾ മോട്ടോർ : 17%

$39,900

ടെസ്‌ല സൈബർട്രക്കിന്റെ ബേസ് മോഡലിന് വില 39,900 ഡോളറാണ് (ഏകദേശം 28.66 ലക്ഷം രൂപ). ടോപ് മോഡലിന് വില 69,900 ഡോളർ (50.20 ലക്ഷം രൂപ).