ajith-pawar-

മുംബയ് : താൻ ഇപ്പോഴും എൻ.സി.പിയിൽ തന്നെയാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. ശരദ് പവാർ തന്നെയാണ് തന്റെ നേതാവെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.

ബി.ജെ.പി–എൻ.സി.പി സർക്കാർ അഞ്ചുവർഷം ഭരിക്കുമെന്നും അജിത് പവാർ പറഞ്ഞു. ഒന്നും പേടിക്കാനില്ല. എല്ലാം ഭദ്രമാണ് .മഹാരാഷ്ട്രയിൽ സുസ്ഥിര സർക്കാർ ഉറപ്പുവരുത്തും‍. അനുനയ നീക്കത്തിന് വഴങ്ങില്ല. തന്നെ പിന്തുണച്ച പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും നന്ദിയെന്നും അജിത് പവാർ ട്വിറ്ററിൽ കുറിച്ചു.

മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിൽ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. തുടർന്ന് മഹാരാഷ്ട്രയിൽ നാടകീയ നീക്കങ്ങൾ നടക്കുന്നതിനിടെയാണ് അജിത് പവാറിന്റെ പുതിയ ട്വീറ്റ്.

എന്നാൽ അജിത് പവാറിനെ തള്ളി ശരദ് പവാർ രംഗത്തെത്തി. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്ന പ്രശ്നമില്ലെന്ന് ശരദ് പവാർ വ്യക്തമാക്കി,​ ശിവസേന കോൺഗ്രസ് സഖ്യത്തിിനൊപ്പം നിൽക്കാൻ തീരുമാനിച്ചത് പാർട്ടി ഒറ്റക്കെട്ടായാണ്. അജിത് പവാർ തെറ്റിദ്ധാരണ പരത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എൻ.സി.പി അദ്ദേഹത്തെ നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ബി.ജെ.പിയുമായി കൈകോർത്ത അജിത് പവാറിന്റെ നടപടി പാർട്ടി നിലപാടിന് വിരുദ്ധമാണെന്നും അദ്ദേഹത്തോടൊപ്പം നിൽക്കുന്ന എൻ.സി.പി എം.എൽ.എമാർ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടി നേരിടേണ്ടി വരുമെന്നും ശരദ് പവാർ വ്യക്തമാക്കിയിരുന്നു.