ന്യൂഡൽഹി: മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ രണ്ടാംദിനവും അവസാനിക്കുന്നില്ല. എൻ.സി.പിയിലും പവാർ കുടുംബത്തിലുമാണ് പുതിയ പൊട്ടിത്തെറിയും ചേരിപ്പോരും. താനിപ്പോഴും എൻ.സി.പിക്കാരൻ തന്നെയാണെന്നും ശരദ് പവാർ തന്നെയാണ് നേതാവെന്നുമുള്ള ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പ്രസ്താവനയെ തള്ളി പാർട്ടി അദ്ധ്യക്ഷൻ ശരദ് പവാർ തന്നെ രംഗത്തെത്തിയതോടെ പാർട്ടിയിലെയും പവാർ കുടുംബത്തിലെയും അസ്വാരസ്യങ്ങൾ വർദ്ധിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. അജിത് പവാറിന്റെ പ്രസ്താവന ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കാനുള്ളതാണെന്നുമായിരുന്നു ശരദ് പവാറിന്റെ പ്രതികരണം.
ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്ന പ്രശ്നമേ ഇല്ലെന്നും കോൺഗ്രസും ശിവസേനയുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കാൻ എൻ.സി.പി ഏകകണ്ഠമായി തീരുമാനിച്ചിട്ടുള്ളതാണെന്നും ശരദ് പവാർ ട്വിറ്ററിൽ വ്യക്തമാക്കി. താൻ ഇപ്പോഴും എൻ.സി.പിയിലാണെന്ന അജിത് പവാറിന്റെ ട്വീറ്റിനു പിന്നാലെയാണ് ശരദ് പവാറിന്റെ പ്രതികരണം. അടുത്ത അഞ്ചുവർഷത്തേക്ക് മഹാരാഷ്ട്രയിൽ സുസ്ഥിര സർക്കാർ രൂപവത്കരിക്കാൻ ബി.ജെ.പി - എൻ.സി.പി സഖ്യത്തിനു കഴിയുമെന്നും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കാൻ അതിനു സാധിക്കുമെന്നും ട്വീറ്റിൽ അജിത് പവാർ വ്യക്തമാക്കിയിരുന്നു.