കൊച്ചി: കിട്ടാക്കടം മൂലം പൊറുതിമുട്ടുന്ന പൊതുമേഖലാ ബാങ്കുകളെ കൂടുതൽ പ്രതിസന്ധിയിലാക്കി തട്ടിപ്പുകളും പെരുകുന്നു. നടപ്പു സാമ്പത്തിക വർഷത്തെ (2019-20) ആദ്യ ആറുമാസക്കാലയളവിൽ (ഏപ്രിൽ-സെപ്‌തംബർ) മാത്രം 5,743 കേസുകളാണ് പൊതുമേഖലാ ബാങ്കുകൾ റിപ്പോർട്ട് ചെയ്‌തത്;
തട്ടിപ്പിന്റെ മൂല്യം 95,760.49 കോടി രൂപ! മുൻവർഷത്തെ സമാന കാലയളവിൽ തട്ടിപ്പു കേസുകൾ 1,007 എണ്ണവും തട്ടിപ്പുമൂല്യം 2,509.56 കോടി രൂപയുമായിരുന്നു. ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ ചൂണ്ടിക്കാട്ടിയ റിസർവ് ബാങ്കിന്റെ റിപ്പോർട്ടിലാണ് തട്ടിപ്പിന്റെ വിവരങ്ങളുള്ളത്. ഒരുലക്ഷം രൂപയ്‌ക്ക് മുകളിലുള്ള തട്ടിപ്പുകേസുകളാണ് റിസർവ് ബാങ്കിന്റെ പക്കലുള്ളത്. അതിൽ താഴെ തട്ടിപ്പ് മൂല്യമുള്ള കേസുകൾ ബാങ്കുകൾ പൊതുവേ റിപ്പോർട്ട് ചെയ്യാറില്ല. അതുകൂടി കണക്കാക്കിയാൽ, കേസുകളും തുകയും ഇതിന്റെ പതിന്മടങ്ങ് വരും. റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്യുന്ന തട്ടിപ്പു കേസുകളിന്മേൽ, ബാങ്കുകൾ നിയമപരമായ നടപടി എടുക്കണമെന്നും ചട്ടമുണ്ട്.
ബാങ്കിംഗ് രംഗത്തെ തട്ടിപ്പുകളിന്മേൽ 963 കേസുകളിൽ പ്രിവൻഷൻ ഒഫ് മണി ലോൻഡറിംഗ് ആക്‌ട് (പണം തിരിമറി പ്രതിരോധ ചട്ടം - പി.എം.എൽ.എ) പ്രകാരവും 7,393 കേസുകളിൽ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫേമ) പ്രകാരവും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
13 വിഭാഗങ്ങളിലായാണ് ബാങ്കിംഗ് തട്ടിപ്പുകൾ കണക്കാക്കുന്നതെന്ന് കഴിഞ്ഞവർഷം റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ജെം ആൻഡ് ജുവലറി, മാനുഫാക്‌ചറിംഗ് ആൻഡ് ഇൻഡസ്‌ട്രി, കാർഷികം, മീഡിയ, വ്യോമയാനം, സർവീസ്, വ്യാപാരം, ചെക്ക് തട്ടിപ്പ്, ഐ.ടി., കയറ്റുമതി, സ്ഥിരനിക്ഷേപ തട്ടിപ്പ്, ഡിമാൻഡ് ലോൺ, ലെറ്റർ ഒഫ് കംഫർട്ട് എന്നിവയാണവ.
തട്ടിപ്പ് മുൻ
വർഷങ്ങളിൽ
2008-09 - 1,860
2009-10 - 1,998
2010-11 - 3,815
2011-12 - 4,501
2012-13 - 8,590
2013-14 - 10,170
2014-15 - 19,455
2015-16 - 18,698
2016-17 - 23,933
2017-18 - 41,167
2018-19 - 71,500
(തുക കോടി രൂപയിൽ)
₹95,760 കോടി
നടപ്പുവർഷം ആദ്യ ആറുമാസക്കാലയളവിൽ പൊതുമേഖലാ ബാങ്കുകൾ റിപ്പോർട്ട് ചെയ്‌ത തട്ടിപ്പു കേസുകൾ 5,743. തട്ടിപ്പുമൂല്യം 95,760.49 കോടി രൂപ.
ബാങ്കുകളും തട്ടിപ്പും
(നടപ്പുവർഷം ഏപ്രിൽ-സെപ്‌തംബർ കണക്ക്)
ബാങ്ക് കേസുകൾ തുക
എസ്.ബി.ഐ 2,939 25,416.75
പി.എൻ.ബി 225 10,821.77
ബാങ്ക് ഒഫ് ബറോഡ 180 8,273.43
അലഹബാദ് ബാങ്ക് 724 6,508.59
ബാങ്ക് ഒഫ് ഇന്ത്യ 127 5,412.62
യൂകോ ബാങ്ക് 57 4,474.05
കനറാ ബാങ്ക് 116 4,400.17
ഐ.ഒ.ബി 97 4,289.21
ഒ.ബി.സി 144 3,908.03
യൂണിയൻ ബാങ്ക് 157 3,776.17
(തുക കോടി രൂപയിൽ)
₹9.34 ലക്ഷം കോടി
പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 2018-19ലെ കണക്കുപ്രകാരം 9.34 ലക്ഷം കോടി രൂപ.