vinod-nikole

മുംബയ്: ജനാധിപത്യത്തെ നാണിപ്പിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് മഹാരാഷ്ട്രയിൽ നടക്കുന്നത്. ഭരണ പ്രതിസന്ധി രൂക്ഷമായിരിക്കെ ചാക്കിട്ടു പിടിത്തത്തെയും കുതിരക്കച്ചവടത്തെയും കൂസാത്ത ഒറ്റയാനുണ്ട് അവിടെ. ദഹാനു മണ്ഡലത്തിൽ നിന്നുള്ള സി.പി.എം എം.എൽ.എ വിനോദ് നികോളെ. കോൺഗ്രസ്, എൻ.സി.പി, ശിവസേന എം.എൽ.എമാർ ബി.ജെ.പിയുടെ ചാക്കിട്ടു പിടിത്തം ഭയന്ന് റിസോർട്ടുകളിൽ കിടുന്നുറങ്ങുമ്പോൾ യാതൊരു ഭയവുമില്ലാതെ സ്വന്തം വീട്ടിൽ ഉറങ്ങി,​ ജനങ്ങൾക്കിടയിൽ വിനോദ് നിക്കോളെ പ്രവർത്തിക്കുന്നു.

സംസ്ഥാനത്ത നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിക്കോളെയെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽനിറയുന്നത്. മഹാരാഷ്ട്രയിലെ 'ഏറ്റവും ദരിദ്രനായ' എം.എൽ.എകളിൽ ഒരാളാണ് വിനോദ് നികോളെ. ജനങ്ങളുടെ പ്രശ്നങ്ങൾ ജീവമായി ഇടപെടുന്ന എം.എൽ.എക്ക് വൻ ജനകീയ പിന്തുണയാണ് മണ്ഡലത്തിലുള്ളത്. ബി.ജെ.പിയുടെ സിറ്റിംഗ് എം.എൽ.എ ധനാരെ പാസ്‌കൽ ജന്യയെ 4321 വോട്ടിന് പരാജയപ്പെടുത്തിയാണ് നികോളെ എം.എൽ.എയായത്. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന നികോളെ നിലവിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്.

സജീവ രാഷ്ട്രീയ പ്രവർത്തകനാവുന്നതിന് മുന്നെ വടപാവ് കച്ചവടക്കാരൻ ആയിരുന്നു നികോളെ. മഹാരാഷ്ട്രയെ പിടിച്ചു കുലുക്കിയ 2018ൽ നടന്ന കർഷകരുടെ ലോങ് മാർച്ചിന്റെ മുഖ്യ സംഘാടകരിലൊരാൾ കൂടിയായിരുന്നു അദ്ദേഹം.