sasi

കോട്ടയം: പ്രഭാത സവാരിയ്‌ക്കിറങ്ങിയ റിട്ട.എസ്.ഐ തെള്ളകം മുടിയൂർക്കര പറയകാവിൽ സി.ആർ ശശിധരനെ (62) വെട്ടേറ്റ് മരിച്ച നിലയിൽ റോഡിൽ കണ്ടെത്തി. സംഭവത്തിൽ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ അയർലൻഡിൽ താമസിക്കുന്ന മക്കളുടെ അടുത്തേയ്ക്ക് പോകാനിരിക്കെയാണ് ശശിധരന്റെ മരണം.

ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെ പ്രഭാതസവാരിക്കായി പോയ ശശിധരൻ മെഡിക്കൽ കോളേജിനു സമീപം എസ്.എൻ.ഡി.പി ശാഖാ മന്ദിരം റോഡിൽ മുറിവേറ്ര് രക്തംവാർന്ന് കിടക്കുന്നതായി നാട്ടുകാരാണ് ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കളും ഗാന്ധിനഗർ പൊലീസും സ്ഥലത്തെത്തിയപ്പോഴേയ്ക്കും മരിച്ചിരുന്നു. തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം തെള്ളകത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനു സമാനമായ മുറിവുകൾ കഴുത്തിലും തലയിലും കൈയിലുമുണ്ട്. പിന്നിൽ നിന്ന് കഴുത്തിലും തലയിലും വെട്ടിയതായി സംശയിക്കുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടില്ല. കസ്റ്റഡിയിലെടുത്ത അയൽവാസിയുമായും ശശിധരനുമായി അതിർത്തി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇയാൾ മറ്ര് ചിലകേസുകളിൽ പ്രതിയാണ്. ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, ഗാന്ധിഗനർ സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

കോട്ടയം ഡിവൈ.എസ്.പി ഓഫീസിൽ വർഷങ്ങളോളം ജോലി ചെയ്‌തിരുന്ന ശശിധരൻ ഗാന്ധിനഗർ സ്റ്റേഷനിൽ എസ് ഐ ആയിരിക്കെയാണ് വിരമിച്ചത്. ഇദ്ദേഹവും വടവാതൂർ ചിറ്റിലക്കാട് കുടുംബാംഗം ഭാര്യ സുമയും മാത്രമായിരുന്നു മുടിയൂർക്കരയിലെ വീട്ടിൽ താമസം. മക്കളായ പ്രനൂപും പ്രീതയും അയർലൻഡിൽ നഴ്‌സുമാരാണ്. ശശിധരന്റെ സംസ്‌കാരം പിന്നീട് നടത്തും.