അയോദ്ധ്യ: മഞ്ഞുകാലം വരുന്നതോടെ അയോദ്ധ്യയിലെ പശുക്കളും കോട്ടിടും. തണുപ്പിനെ പ്രതിരോധിക്കാനായി നഗരത്തിലെ വിവിധ ഗോശാലകളിൽ കഴിയുന്ന പശുക്കൾക്കും കാളകൾക്കും കിടാക്കൾക്കുമാണ് അയോദ്ധ്യ മുനിസിപ്പൽ കോർപ്പറേഷൻ ചണക്കോട്ടുകൾ വാങ്ങുന്നത്. ഈ മാസം അവസാനത്തോടെ ആദ്യഘട്ടത്തിൽ ഓർഡർ നൽകിയ കോട്ടുകൾ അയോദ്ധ്യയിലെ ഗോശാലകളിലെത്തും.
നാലുഘട്ടങ്ങളിലായാണ് ഈ പദ്ധതി നടപ്പിലാക്കുന്നതും ആദ്യഘട്ടത്തിൽ ബൈഷിംഗ്പുർ ഗോശാലയിലെ പശുക്കൾക്കാണ് കോട്ടുകൾ വാങ്ങുന്നതെന്നും അയോദ്ധ്യ നഗർനിഗം കമ്മീഷണർ നീരജ് ശുക്ല പറഞ്ഞു. ഈമാസം തന്നെ ആദ്യഘട്ടത്തിൽ ഓർഡർ ചെയ്ത 100 കോട്ടുകൾ എത്തുമെന്നും ഒരു കോട്ടിന് 250 രൂപ മുതൽ 300 രൂപ വരെയാണ് ചിലവ് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൈഷിംഗ്പൂരിലെ ഗോശാലയിൽ മാത്രം 1800-ലധികം കന്നുകാലികളാണുള്ളത്.
ഒരു കോട്ടിന് വില: 250- 300രൂപ
കിടാവുകൾക്കായുള്ള കോട്ടിൽ 3 ലെയറുകൾ
പശുക്കൾക്കുള്ള കോട്ടിൽ 2 ലെയറുകൾ
ചണത്തിനൊപ്പം മൃദുവായ തുണികളും
ബൈഷിംഗ്പൂരിലെ ഗോശാലയിൽ മാത്രമുള്ളത്: 1800 ഓളം കാലികൾ
''കാളകൾക്കും പശുക്കൾക്കും വ്യത്യസ്ത ഡിസൈനിലുള്ള കോട്ടുകളാണ് തയ്യാറാക്കുക. കാളകൾക്ക് ചണം ഉപയോഗിച്ച് മാത്രം തയ്യാറാക്കുന്ന കോട്ടുകളും പശുക്കൾക്ക് രണ്ട് ലെയറുകളുള്ള കോട്ടുകളും നൽകും - നീരജ് ശുക്ല, അയോദ്ധ്യ നഗർനിഗം കമ്മീഷണർ