മുംബയ്: റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ (ആർകോം) ഡയറക്‌ടർ സ്ഥാനം രാജിവച്ച ചെയർമാൻ അനിൽ അംബാനിയുടെ നടപടി സ്ഥാപനത്തിന് വായ്‌പ നടത്തിയ ബാങ്കുകൾ തള്ളി. രാജി അംഗീകരിക്കില്ലെന്നും ചുമതലകൾ തുടർന്നും വഹിക്കണമെന്നും അനിൽ അംബാനിയോട് ബാങ്കുകൾ നിർദേശിച്ചു.
അനിലിനൊപ്പം രാജിവച്ച ഡയറക്‌ടർമാരായ റയന കറാനി, ഛായ വിറാനി, മഞ്ചരി കാക്കർ, സുരേഷ് രംഗാചാർ എന്നിവയുടെ രാജിയും തള്ളിയിട്ടുണ്ട്. കഴിഞ്ഞ 16നാണ് ഇവർ രാജിവച്ച കാര്യം ബോംബെ ഓഹരി വിപണിയെ (ബി.എസ്.ഇ) ആർകോം അറിയിച്ചത്. കഴിഞ്ഞദിവസം വീണ്ടുമയച്ച കത്തിലാണ് രാജി ബാങ്കുകൾ തള്ളിയെന്ന് ആർകോം സൂചിപ്പിച്ചത്. റിലയൻസിന്റെ കടബാദ്ധ്യത പരിഹരിക്കാനുള്ള കോർപ്പറേറ്ര് ഇൻസോൾവൻസി റെസൊല്യൂഷൻ നടപടിക്രമങ്ങളോട് സഹകരിക്കാനും ബാങ്കുകൾ അനിൽ അംബാനിയോടും മറ്ര് ഡയറക്‌ടർമാരോടും നിർദേശിച്ചിട്ടുണ്ട്.
നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലായ് - സെപ്‌തംബറിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസ് 30,142 കോടി രൂപയുടെ നഷ്‌ടം രേഖപ്പെടുത്തിയെന്ന റിപ്പോർട്ടിന് പിന്നാലെയാണ് അനിൽ അംബാനി രാജി പ്രഖ്യാപിച്ചത്. ഒരിന്ത്യൻ കമ്പനിയുടെ രണ്ടാമത്തെ വലിയ ത്രൈമാസ നഷ്‌ടമാണ് ആർകോം കുറിച്ചത്. ഇതേപാദത്തിൽ വൊഡാഫോൺ-ഐഡിയ കുറിച്ച 50,922 കോടി രൂപയുടെ നഷ്‌ടമാണ് റെക്കാഡ്. ഭാരതി എയർടെൽ 23,000 കോടി രൂപയുടെ നഷ്‌ടവും നേരിട്ടു.
ടെലികോം കമ്പനികൾ ടെലികോം ഇതര സേവനങ്ങളിൽ നിന്നുള്ള വരുമാനവും കണക്കാക്കി, കേന്ദ്രസർക്കാരിന് അഡ്‌ജസ്‌റ്റഡ് ഗ്രോസ് റെവന്യൂ (എ.ജി.ആർ) പ്രകാരം നൽകാനുള്ള ഫീസിലെ കുടിശികയായ 92,000 കോടി രൂപ ഉടൻ വീട്ടണമെന്ന സുപ്രീം കോടതി വിധിയാണ് നഷ്‌ടം റെക്കാഡ് ഉയരത്തിലെത്താൻ കാരണം.