ന്യൂഡൽഹി:മഹാരാഷ്‌ട്രയിൽ ബി. ജെ. പിയുടെ ദേവേന്ദ്ര ഫട്നാവിസിനെ മുഖ്യമന്ത്രിയായി അവരോധിച്ച ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് - എൻ. സി. പി - ശിവസേന സഖ്യം നൽകിയ ഹർജിയിൽ ഇന്നലെ സുപ്രീം കോടതിയിൽ
ഒരു മണിക്കൂറാണ് വാദം നടന്നത്. ഇരു പക്ഷത്തിന്റെയും വാദമുഖങ്ങൾ ഇങ്ങനെ :
ഹർജിക്കാരുടെ വാദം:
ഗവർണർ പക്ഷപാതം കാണിച്ചു. നടപടി വഞ്ചനാപരവും നിയമവിരുദ്ധവുമാണ്.
അർദ്ധരാത്രിയിൽ സർക്കാരുണ്ടാക്കാനുള്ള ഗവർണറുടെ നടപടിയിൽ ദുരൂഹത
22ന് രാത്രി 7 മണിവരെ എൻ.സി.പി - ശിവസേന - കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരണ ശ്രമങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു
കേന്ദ്രമന്ത്രിസഭ ചേരാതെയാണ് രാഷ്ട്രപതി ഭരണം റദ്ദാക്കിയത്
അർദ്ധരാത്രിയിൽ ജനങ്ങളെയോ സഖ്യകക്ഷികളെയോ അറിയിക്കാതെ സർക്കാരുണ്ടാക്കാൻ ബി.ജെ.പിക്ക് ഗവർണർ കൂട്ടുനിന്നു
അർദ്ധരാത്രി രാഷ്ട്രപതി ഭരണം റദ്ദാക്കാൻ മഹാരാഷ്ട്രയിൽ എന്ത് അടിയന്തരാവസ്ഥയാണുണ്ടായിരുന്നത് ?
എൻ.സി.പി നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് അജിത് പവാറിനെ ഒഴിവാക്കി.
54 എൻ.സി.പി എം. എൽ. എമാരിൽ 41 പേരും അജിത് പവാറിനെ നിരാകരിച്ചപ്പോൾ അദ്ദേഹം എൻ. സി. പിയിലാണെന്ന് ബി. ജെ. പി എങ്ങനെ പറയും?
ഭൂരിപക്ഷം എം. എൽ. എമാരും തനിക്കൊപ്പമുണ്ടെന്ന അജിത് പവാറിന്റെ അവകാശവാദം വസ്തുതാവിരുദ്ധം
ഗവർണർ വിവേകം കാട്ടിയില്ലെന്നതിന്റെ തെളിവാണിതെല്ലാം
വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കട്ടെ. ഇന്നലെ സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷം അവകാശപ്പെട്ടവർ ഇന്ന് എന്തിന് വിശ്വാസ വോട്ടെടുപ്പിനെ ഭയക്കണം
ഫട്നാവിസിന് ഭൂരിപക്ഷം ഉണ്ടെന്ന് ഗവർണർക്ക് പ്രഥമ ദൃഷ്‌ട്യാ ബോദ്ധ്യപ്പെടാൻ എന്ത് തെളിവാണുള്ളത്? ഒന്നുമില്ല.
ഗവർണർ 'മുകളിൽ' നിന്നുള്ള ഉത്തരവുകൾ അനുസരിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം കർണാടകയിലും അതിന് മുൻപ് ഗോവയിലും ഉത്തരാഖണ്ഡിലും നടത്തിയതുപോലെ മഹാരാഷ്ട്രയിലും വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഉത്തരവിടണം
ബി. ജെ. പിയുടെ എതിർവാദം
ഗവർണറുടെ നടപടി ചോദ്യം ചെയ്യാൻ അധികാരമില്ല
സർക്കാർ രൂപീകരണത്തിൽ 30 ദിവസത്തെ അനിശ്ചിതത്വമാണ് ഗവർണർ പരിഹരിച്ചത്
ഒക്ടോബർ 24 മുതൽ നവംബർ 9 വരെ സർക്കാരുണ്ടാക്കാൻ ആരും മുന്നോട്ട് വന്നില്ല. തുടർന്ന് ഗവർണർ ഓരോ കക്ഷിയെയും സർക്കാരുണ്ടാക്കാൻ വിളിച്ചു. എന്നിട്ടും തർക്കം തുടർന്നു.
ഭൂരിപക്ഷം തെളിയിക്കുന്ന രേഖകളുമായി ബി.ജെ.പിയും എൻ.സി.പിയും വന്നപ്പോൾ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു
വിശ്വാസവോട്ടെടുപ്പ് ഒഴിവാക്കണം.
എല്ലാ കക്ഷികൾക്കും നോട്ടീസ് അയച്ച് വാദം കേൾക്കേണ്ട വിഷയമാണ്.