maharashtra-

മുംബയ്: സുരക്ഷാകാരണങ്ങൾ മുൻനിറുത്തി മഹാരാഷ്ട്രയിലെ എൻ.സി.പി എം.എൽ.എമാരെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റുന്നു. മുംബയിലെ റെനൈസൻസ് ഹോട്ടലിൽ താമസിപ്പിച്ചിരുന്ന എം.എൽ.എമാരെയാണ് മുംബയിലെ തന്നെ ഹയാത്ത് ഹോട്ടലിലേക്ക് മാറ്റുന്നത്. സുരക്ഷാകാരണങ്ങൾ മുൻനിറുത്തിയാണ് ഇതെന്നാണ് വിവരം. ഹോട്ടലിനുള്ളിൽ ഞായറാഴ്ച വൈകീട്ടോടെ നാടകീയ രംഗങ്ങളുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. ഹോട്ടലിനുള്ളിൽ സാധാരണ വേഷത്തിലെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥനെ എൻ.സി.പി എം.എൽ.എമാർ പിടികൂടി. പൊലീസ് ഉദ്യോഗസ്ഥൻ ബി.ജെ.പിയുടെ ചാരനാണെന്നാണ് എം.എൽ.എമാരുടെ ആരോപണം.

നേരത്തെ ശിവസേന നേതാക്കളായ ഉദ്ധവ് താക്കറെ, സഞ്ജയ് റാവത്ത്, ആദിത്യ താക്കറെ എന്നിവർ റെനൈസൻസ് ഹോട്ടലിലെത്തി എൻ.സി.പി നേതാക്കളെ കണ്ടിരുന്നു. എം.എൽ.എമാരുടെ യോഗത്തിൽ ശിവസേന നേതാക്കളും പങ്കെടുത്തിരുന്നു.