തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റ് ഷഹല ഷെറിൻ എന്ന വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ നിർണായക നടപടികളുമായി സംസ്ഥാന സർക്കാർ. ഷഹല പഠിച്ച ബത്തേരി സർവ്വജന സ്‌കൂളിലെ മുഴുവൻ അദ്ധ്യാപകരെയും സ്ഥലം മാറ്റാനാണ് തീരുമാനം. മാത്രമല്ല പാമ്പുകടിയേറ്റ ക്ളാസ് മുറി കെട്ടിടം പൊളിക്കാനും തീരുമാനിച്ചു. പൊളിച്ച കെട്ടിടത്തിന് പകരം പുതിയത് നിർമിക്കും. വിദ്യാഭ്യാസമന്ത്രി അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് ഇവിടെ കെട്ടിടം നിർമിക്കുന്നതിനായി നഗരസഭാ എന്‍ജിനീയറിങ് വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് തിങ്കളാഴ്ച ചീഫ് എന്‍ജിനീയർക്കും വിദ്യാഭ്യാസമന്ത്രിക്കും അയച്ചുകൊടുക്കും.
കുട്ടിയുടെ മരണത്തെ തുടർന്ന് വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടി ഉണ്ടാകരുതെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. യു.പി. വിഭാഗത്തിന് ഒരാഴ്ച കൂടി അവധി നൽകി. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിന് ചൊവ്വാഴ്ച ക്ലാസുകള്‍ ആരംഭിക്കും. ഷഹല ഷെറിന്റെ വിഷയത്തിൽ സ്‌കൂളിനെതിരെ പ്രതികരിച്ച വിദ്യാർത്ഥിയേയും അച്ഛനുനേയും ഭീഷണിപ്പെടുത്തിയെന്നും പരാതി വന്നിട്ടുണ്ട്.
ബാലാവകാശ കമ്മീഷൻ പ്രതിനിധികൾക്ക് മൊഴി നൽകിയ ശേഷമാണ് നാട്ടുകാരിൽ കണ്ടാൽ തിരിച്ചറിയാവുന്ന ഏതാനും ചിലർ ഷഹലയുടെ സഹപാഠിയായ വിസ്മയയ്ക്കും അച്ഛൻ രാജേഷിനുമെതിരെ ഭീഷണി മുഴക്കിയത്. വാർത്താമാദ്ധ്യമങ്ങളോട് വിസ്മയയും മറ്റ് കുട്ടികളും സംസാരിച്ചതും ഇവരെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് രാജേഷ് പറയുന്നു. മക്കളെ ഓരോ കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ച് ഷഹല പഠിച്ച ബത്തേരി സർവ്വജന സ്‌കൂളിനെ തകർക്കാനാണ് ഉദ്ദേശമെങ്കിൽ നാളെ വിസ്മയയും കുടുംബവും അനുഭവിക്കേണ്ടി വരുമെന്നും നാട്ടിൽ ഒറ്റപെടുത്തുമെന്നുമായിരുന്നു ഇവരുടെ ഭീഷണി.