വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഏല്പിച്ച 25 പവൻ സ്വർണാഭരണങ്ങൾ യുവതിയുടെ ഉറ്റ സുഹൃത്ത് ബി.എസ്.എൻ.എൽ ജീവനക്കാരൻ ജോൺസൺ അന്വേഷണസംഘത്തിന് കൈമാറി. ജോളി പല തവണയായി പണയം വയ്ക്കാൻ കൈമാറിയ സ്വർണമാണിതെന്ന മൊഴിയാണ് ജോൺസന്റേത്.
സിലി കൊലക്കേസ് അന്വേഷിക്കുന്ന വടകര കോസ്റ്റൽ സി.ഐ ബി.കെ. സിജു മുമ്പാകെയാണ് സ്വർണം എത്തിച്ചത്. ജോളിയെ ചോദ്യം ചെയ്തപ്പോൾ ജോൺസന്റെ കസ്റ്റഡിയിൽ സ്വർണമുണ്ടെന്ന് പൊലീസിന് വ്യക്തമായിരുന്നു. ഇത് പെട്ടെന്ന് എത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു പൊലീസ്. ഇവ സിലിയുടേതാണോ എന്ന് പരിശോധിക്കും.
അതിനിടെ, ജോൺസന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. താമരശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ക്രിമിനൽ നടപടിച്ചട്ടം 164 -ാം വകുപ്പ് പ്രകാരം ബുധനാഴ്ച ഉച്ച കഴിഞ്ഞായിരിക്കും രഹസ്യമൊഴിയെടുപ്പ്.