chottanikkara

കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരെ ചോറ്റാനിക്കര പൊലീസ് കേസെടുത്തു. യുവതിയുടെ പരാതിയിലാണ് നടപടി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉയർന്ന ഉദ്യോഗസ്ഥനും ഡ്രൈവറുമാണ് ആരോപണ വിധേയർ. ശനിയാഴ്ച പുലർച്ചെയാണ് മദ്യലഹരിയിൽ ഇവർ യുവതിയോട് അപമര്യാദയായി പെരുമാറിയത്. തുടർന്ന് ഇരുവർക്കും ഭക്തരുടെ കഠിനമർദ്ദനം ഏറ്റിരുന്നു.

ദേവസ്വം ബോർഡിലെ ഭൂമി അളവ് സ്പെഷ്യൽ തഹസിൽദാർ വിഭാഗത്തിലെ ഉയർന്ന ജീവനക്കാരനും ഡ്രൈവറുമാണ് പ്രതികൾ. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ ഇരുവരും ചികിത്സ തേടി. ഡ്രൈവറുടെ മുഖത്ത് പതിനൊന്ന് സ്റ്റിച്ചിട്ടുണ്ട്.

സംഭവത്തെ തുടർന്ന് യുവതി ദേവസ്വം ബോർഡിനും പൊലീസിനും പരാതി നൽകിയിരുന്നു.

മകളിയം ക്ഷേത്രത്തിലെ സർവേ കാര്യങ്ങൾക്കായി തൃശൂരിൽ നിന്നെത്തിയ മൂന്നംഗസംഘം ചോറ്റാനിക്കരയിലെ ദേവസ്വം സത്രത്തിലാണ് താമസിച്ചിരുന്നത്. കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടനയുടെ പ്രധാന നേതാവാണ് പ്രതി.