സുൽത്താൻ ബത്തേരി : ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസുകാരി ഷഹല ഷെറീൻ (10) മരിച്ച സംഭവത്തെ തുടർന്ന് അടച്ചിട്ട ബത്തേരി ഗവ. സർവജന സ്‌കൂൾ ചൊവ്വാഴ്ച തുറക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളാണ് നാളെ തുടങ്ങുക. യു.പി ക്ലാസുകൾ ഡിസംബർ രണ്ടിന് പുനരാരംഭിക്കും.
തറയിൽ മാളങ്ങളുള്ള പഴയ കെട്ടിടം ഉടൻ പൊളിച്ച് നീക്കാനും പുതിയ കെട്ടിടം ഉടൻ നിർമ്മിക്കാനും ധാരണയായി.
സ്‌കൂളും പരിസരവും കഴിയുംവേഗം വൃത്തിയാക്കും. സന്നദ്ധപ്രവർത്തകർക്കു പുറമെ തൊഴിലുറപ്പ് തൊഴിലാളികൾ, നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ തുടങ്ങിയവരും ഈ യജ്ഞത്തിൽ പങ്കാളികളാവും.
അദ്ധ്യാപകർ ഒരു കാരണവശാലും വിദ്യാർത്ഥികളോട് പകവെച്ച് സംസാരിക്കുകയോ പെരുമാറുകയോ ചെയ്യാൻ പാടില്ലെന്ന് യോഗം ഓർമ്മിപ്പിച്ചു. കുട്ടികൾക്ക് കൗൺസലിംഗ് നടത്താനും തീരുമാനിച്ചു.
മുൻസിപ്പൽ ഹാളിൽ ചേർന്ന യോഗത്തിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. നഗരസഭ ചെയർമാൻ ടി.എൽ.സാബു, ഡെപ്യുട്ടി ചെയർപേഴ്‌സൺ ജിഷ ഷാജി, ഡി.ഡി.ഇ ഇബ്രാഹിം തോണിക്കര, പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എം.ഡി.സുനിൽ തുടങ്ങിയവരും വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളും പി.ടി.എ ഭാരവാഹികളും കൗൺസിലർമാരും സംബന്ധിച്ചു.