ന്യൂഡൽഹി: മഹാരാഷ്ട്ര ഹർജികളുടെ അടിയന്തരസ്വഭാവം പരിഗണിച്ച് അസാധാരണ നടപടിയിലൂടെയാണ് ഇന്നലെ സുപ്രീംകോടതി പ്രത്യേകവാദം കേട്ടത്. സുപ്രീംകോടതി അവധിദിവസം പ്രവർത്തിക്കുകയെന്ന അപൂർവത ഇക്കൊല്ലം മൂന്നാം തവണയാണ് ആവർത്തിക്കുന്നത്. 2019 ഏപ്രിൽ 20 ശനിയാഴ്ച സുപ്രീംകോടതി അസാധാരണ നടപടിയിലൂടെയാണ് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികപീഡനാരോപണ കേസിൽ പ്രത്യേക വാദം കേട്ടത്. നവംബർ 9 ന് അയോദ്ധ്യാ കേസിൽ സുപ്രീംകോടതി ചരിത്രവിധി പ്രസ്താവിച്ചതും അവധിദിനമായ ശനിയാഴ്ചയാണ്.
ഇന്നലെ അവധി ദിനമായിട്ടും, വിശ്വാസവോട്ട് ഉടൻ തേടണം എന്നാവശ്യപ്പെട്ടുള്ള കോൺഗ്രസ്, എൻ.സി.പി കക്ഷികളുടെ ഹർജികളിൽ വാദം കേട്ട സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് ഇന്ന് രാവിലെ 10.30ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.