സുൽത്താൻ ബത്തേരി: ബത്തേരി ഗവ.സർവജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറീൻ ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് സംഘം ഇന്ന് സ്‌കൂളിലെ വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും മൊഴിയെടുക്കും. ഡോക്ടറും അദ്ധ്യാപകരും ഉൾപ്പെടെ നാലു പേർക്കെതിരെ മന:പുർവമല്ലാത്ത നരഹത്യയ്ക്കും ജുവനൈൽ ജസ്റ്റീസ് ആക്ട് 75 -ാം വകുപ്പ് പ്രകാരവുമാണ് പൊലീസ് കേസ് ചാർജ് ചെയ്തിട്ടുള്ളത്. ഈ നാലു പേരും ഒളിവിലാണ്. താലൂക്ക് ആശുപത്രിയിലെ ഡോ.ജിസ മെറിൻ ജോയ് ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് സൂചന.
ഷഹലയെ താലൂക്ക് ആശുപത്രിയിലെത്തിക്കുമ്പോൾ പ്രതിവിഷം സ്റ്റോക്കില്ലെന്ന വിശദീകരണമായിരുന്നു വകുപ്പ്തല അന്വേഷണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ജിസയുടേത്. എന്നാൽ ഇത് തെറ്റാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സ്റ്റോക്ക് രജിസ്റ്ററും മറ്റു രേഖകളും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഷഹലയെ ആദ്യം എത്തിച്ച അസംപ്ഷൻ ആശുപത്രിയിലെ ചികിത്സാരേഖകളും പിടിച്ചെടുത്തിട്ടുണ്ട്.