കൊച്ചി: ശബരില സന്ദർശനത്തിന് ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നൽകില്ലെന്ന് വ്യക്തമാക്കി പൊലീസ്. കോടതിയിൽ നിന്ന് കൃത്യമായ ഉത്തരവ് ഉണ്ടാകുന്നതുവരെ ശബരിമല സന്ദർശത്തിന് എത്തുന്ന നിശ്ചിത പ്രായപരിധിയിൽ ഉള്ളവർക്ക് സംരക്ഷണം നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. ഈ സാഹചര്യത്തിലാണ് ശബരിമല സന്ദർശിക്കുന്നതിന് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നൽകേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചത്.
30 വയസുള്ള രഹന ഫാത്തിമ കഴിഞ്ഞ ഒക്ടോബറിൽ പൊലീസ് സംരക്ഷണയോടെ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ഭക്തരുടെ വൻ പ്രതിഷേധത്തെ തുടർന്ന് മടങ്ങി പോരാൻ നിർബന്ധിതയാകുകയായിരുന്നു. പത്തുമുതൽ 50 വരെ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പോകുന്നതിന് ആചാരപരമായ വിലക്ക് ഉണ്ട്. ഈ സാഹചര്യത്തിലാണ്, രഹന ശബരിമലയിൽ പോകുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കുകയും പൊലീസ് കമ്മീഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുകയും ചെയ്തത്.
ശബരിമലയിൽ പ്രവേശിക്കുന്നതിന് നിശ്ചിത പ്രായത്തിലുള്ള സ്ത്രീകൾക്കുള്ള ആചാരപരമായ വിലക്ക് കഴിഞ്ഞവർഷം സുപ്രീംകോടതി നീക്കിയിരുന്നു. എന്നാൽ, ഈ വിധിക്കെതിരെ നിരവധി ഹർജികളാണ് സുപ്രീം കോടതിക്ക് മുമ്പിലെത്തിയത്. തുടർന്ന്, വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി വിടുകയായിരുന്നു.
കോടതി കൃത്യമായി ഉത്തരവ് പുറപ്പെടുവിക്കാത്ത സാഹചര്യത്തിൽ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമല കയറാൻ എത്തിയാൽ പൊലീസ് സംരക്ഷണം നൽകാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവർഷം ശബരിമലയെക്കുറിച്ചും അയ്യപ്പനെക്കുറിച്ചും സോഷ്യൽമീഡിയയിൽ പരാമർശം നടത്തിയത് വിവാദമാകുകയും അറസ്റ്റിലാകുകയും ചെയ്തിരുന്നു.