ഉറി ദ സർജിക്കൽ സ്ട്രൈക്കിന്റെ സംവിധായകൻ ആദിത്യ ധർ കേരളകൗമുദിയോട് സംസാരിക്കുന്നു
പനാജി: ഉറി ദ സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രമെടുത്തത് രാഷ്ട്രീയ കാലാവസ്ഥ നോക്കിയായിരുന്നില്ലെന്ന് സംവിധായകൻ ആദിത്യ ധർ പറഞ്ഞു. 2016 ലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. 2019 ലെ രാഷ്ട്രീയ കാലാവസ്ഥ എങ്ങനെയായിരിക്കുമെന്ന് അന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ഗോവയിൽ ഇഫി ചലച്ചിത്രോത്സവത്തിൽ പനോരമ വിഭാഗത്തിൽ സിനിമ പ്രദർശിപ്പിച്ച ശേഷം കേരളകൗമുദിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ചിത്രം റിലീസ് ചെയ്തത്. ബി.ജെ.പി പ്രചാരണത്തിന് സിനിമ ഉപയോഗിച്ചുവെന്ന് വിമർശനം ഉണ്ടായിരുന്നു?
2019 ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്തത്.15 ന് ആർമി ദിനമായിരുന്നു. 26 ന് റിപ്പബ്ളിക്ക് ദിനവും. റിലീസിംഗിന് അതിലും നല്ലൊരു അവസരം വേറെയില്ലായിരുന്നു. പടം വിജയിക്കണമെന്ന ആഗ്രഹത്തോടെ നിർമ്മാതാക്കൾ അതിനുളള വഴികൾ തേടുന്നത് സ്വാഭാവികമല്ലേ. സിനിമ പ്രചാരണത്തിന് ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് ഞങ്ങളുടെ വിഷയമല്ല. ഉറിയും തുടർന്നുള്ള സംഭവങ്ങളും സത്യസന്ധമായി ആവിഷ്കരിക്കുമ്പോൾ ഗവൺമെന്റ് ചെയ്ത നല്ല കാര്യങ്ങളെ മറച്ചുവയ്ക്കാൻ കഴിയുകയുമില്ല.
ഉറി സിനിമയെടുക്കാൻ തീരുമാനിച്ചത് എങ്ങനെയായിരുന്നു?
സത്യത്തിൽ ഞാൻ എന്റെ ആദ്യചിത്രം പാകിസ്ഥാനി നടൻ ഭവാദ് ഖാനേയും കത്രീന കൈയ്ഫിനേയും വച്ചെടുക്കാനുളള എല്ലാ പ്രവർത്തനവും നടത്തുകയായിരുന്നു. ഷൂട്ടിംഗ് ആരംഭിക്കുന്ന വേളയിലാണ് 2016 സെപ്തംബർ 29 ന് ഉറി ഭീകരാക്രമണം നടന്നത്. അതോടെ പാകിസ്ഥാനി താരങ്ങൾ മടങ്ങിപ്പോകണമെന്ന സാഹചര്യമുണ്ടായി. രാത് ബാക്കി എന്ന എന്റെ ചിത്രം അങ്ങനെ മുടങ്ങി. ഉറി ആക്രമണവും തുടർന്നുണ്ടായ പ്രത്യാക്രമണവും എന്നിൽ വലിയ സ്വാധീനം ചെലുത്തി. അത് നിരീക്ഷിക്കുകയും അതിനെ ആസ്പദമാക്കി് ചിത്രമെടുക്കാൻ തീരുമാനിക്കുകയുമായിരുന്നു.
തിരക്കഥ എങ്ങനെ തയ്യാറാക്കി ?
ആറുമാസം ശരിക്കും റിസർച്ച് ചെയ്തു. ഉറി ഭീകരാക്രമണത്തിൽ മരിച്ച സൈനികരുടെ വീടുകളിൽപോയി. സേനയിൽ നിന്ന് വിരമിച്ച സൈനിക ഉദ്യോഗസ്ഥരുമായും സേനയിൽ ഇപ്പോഴുളളവരുമായും സംസാരിച്ചു. സൈന്യത്തിൽ ചേരണമെന്ന് ഞാൻ നേരത്തെ ആഗ്രഹിച്ചിരുന്നു. ആർമിയിൽ ജോലി ചെയ്യുന്നവരുടെ കുട്ടികൾ എനിക്കു സുഹൃത്തുക്കളായുണ്ടായിരുന്നു. ഒരു കാശ്മീരി പണ്ഡിറ്റെന്ന നിലയിൽ ഭീകരവാദത്തിന്റെ ദോഷങ്ങളെക്കുറിച്ച് വളരെ നേരത്തെ മനസിലാക്കിയിരുന്നു. ഈ ചിത്രം ഇന്ത്യൻ സേനയ്ക്കുളള എന്റെ ആദരമാണ്. ഈ ചിത്രം കണ്ടശേഷം എത്രയെത്ര സൈനിക കുടുംബങ്ങളാണ് നന്ദി പറഞ്ഞത്. മനസ് നിറയ്ക്കുന്ന പ്രതികരണമായിരുന്നു.
ആർമിയുടെ പിന്തുണ ലഭിച്ചിരുന്നോ?
തീർച്ചയായും . നമ്മൾ പ്രോപ്പർ ചാനലിലൂടെ സമീപിച്ചാൽ അവർ എല്ലാ സഹായവും നൽകും. ചിത്രത്തിലെ അഭിനേതാക്കളെ ആർമി പരിശീലിപ്പിച്ചു. തിരക്കഥ അംഗീകരിച്ചു. ചിത്രം പൂർത്തിയായപ്പോൾ കാണിക്കുകയും അവർ സന്തോഷത്തോടെ അംഗീകാരം നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം ആർമി എ.ഡി.ജി.പി വിളിച്ചിരുന്നു. ഇത്തരം പ്രമേയങ്ങളുമായി 16 തിരക്കഥകൾ അനുമതി തേടിയെത്തിയിട്ടുണ്ടെന്ന് പറഞ്ഞു.
നിർമ്മാതാവിനെ കണ്ടെത്തുക എളുപ്പമായിരുന്നോ?
ഒരു വിമാനയാത്രയ്ക്ക് പോകുമ്പോഴാണ് ഞാൻ റോണി സ്ക്രൂവാലയ്ക്ക് തിരക്കഥ വായിക്കാൻ നൽകിയത്. അദ്ദേഹം വിമാനത്തിലിരുന്നാണ് വായിച്ചത്. ഇറങ്ങിയ ഉടൻ നമ്മൾ ഈ ചിത്രം ചെയ്യുകയാണെന്ന് പറഞ്ഞു. വിക്കി കൗശലിനെ നായകനാക്കിയപ്പോൾ പലരും വിമർശനം ഉന്നയിച്ചു.അയാൾ ശരിയാകില്ലെന്നായിരുന്നു വാദം. വാർ ഫിലിം വിജയിക്കില്ലെന്ന് പറഞ്ഞവരുമുണ്ട്. മികച്ച സംവിധായകനുളള ദേശീയ അവാർഡ് എനിക്കു ലഭിച്ചപ്പോൾ വിക്കിക്ക് മികച്ച നടനുളള അവാർഡും ലഭിച്ചു.
വലിയ സമ്മർദ്ദമായിരുന്നോ?
തീർച്ചയായും. 24.8 കോടി രൂപയായിരുന്നു ബഡ്ജറ്റ്. എന്റെ കുടുംബാംഗങ്ങളുടെ ആസ്തി മൊത്തമെടുത്താൽപ്പോലും അതിന്റെ നാലിലെന്ന് വരില്ല. സമ്മർദ്ദം ഒരർത്ഥത്തിൽ ഞാൻ ആസ്വദിച്ചു. ഞാൻ ഒരു സ്പോർട്സ്മാൻ കൂടിയാണ്. സമ്മർദ്ദം കുറയ്ക്കാൻ അത് സഹായിക്കും. 25 വയസായിരുന്നു ഞങ്ങളുടെ സെറ്റിലെ ശരാശരി പ്രായം. നല്ല ടീം വർക്കായിരുന്നു. നല്ല ഉളളടക്കവും ടീം വർക്കുമാണ് ഒരു സിനിമയെ വിജയിപ്പിക്കുന്നത്. 66 ദിവസത്തെ ഷൂട്ടിംഗാണ് പ്ളാൻ ചെയ്തത്. 49 ദിവസം കൊണ്ട് തീർത്തു.
വിജയം പ്രതീക്ഷിച്ചിരുന്നോ?
തീർച്ചയായും. ആദ്യം പ്രമുഖ നഗരങ്ങളെയാണ് ലക്ഷ്യമിട്ടത്. 850 പ്രിന്റുമായിട്ടാണ് ഇറങ്ങിയത്. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഗ്രാമപ്രദേശങ്ങളിൽ നിന്ന് ആവശ്യമുയർന്നു.1500 പ്രിന്റ് മൂന്നാം ദിവസം റിലീസ് ചെയ്തു.
അടുത്തത് വാർ ഫിലിമാണോ?
പുൽവാമ സംഭവം ഉണ്ടായപ്പോൾ പല നിർമ്മാതാക്കളും സമീപിച്ചിരുന്നു. ഇനി എന്തായാലും ഉടനെ ആ മേഖലയിലേക്കില്ല. 2006 മുതൽ സഹസംവിധായകനായി പ്രവർത്തിച്ചു തുടങ്ങിയതാണ്. ഇതിനിടയിൽ പല നിർമ്മാതാക്കളേയും കിട്ടുകയും ചെയ്തു. കാബൂൾ എക്സ്പ്രസ് , ആക്രോശ് തുടങ്ങിയ ചിത്രങ്ങൾക്ക് ഡയലോഗും ഗാനങ്ങളും എഴുതിയിട്ടുണ്ട്. പക്ഷേ മികച്ച കണ്ടന്റിനു വേണ്ടിയാണ് ഞാൻ ഇത്രയും കാലം കാത്തിരുന്നത്. എന്റെ ആദ്യ പ്രോജക്ട് ഉള്ളടക്കത്തിലും അവതരണത്തിലും ഏറ്റവും മികച്ചതായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. എന്റെ ഐഡിയ അടുപ്പമുളള പലരുമായും ചർച്ച ചെയ്യും. മറ്റുളളവർ പറയുന്നത് കേൾക്കാൻ എപ്പോഴും നമ്മൾ തയ്യാറാകണം. എന്റെ അടുത്ത ചിത്രം അശ്വത്ഥാമാവാണ്. വിക്കി കൗശൽ തന്നെ നായകൻ. സൂപ്പർ ഹീറോ ഫിലിമായിരിക്കും. തികച്ചും വ്യത്യസ്തമാക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയുടെ പൗരാണിക ചരിത്രത്തെക്കുറിച്ച് യുവതലമുറ മനസിലാക്കണം. രാമായണവും മഹാഭാരതവുമൊക്കെ ദൂർദർശനിൽ കണ്ടു വളർന്ന തലമുറയാണ് എന്റേത്.
ഏതുതരം സിനിമയോടാണിഷ്ടം?
80 കളിൽ വളർന്ന തലമുറ എന്ന നിലയിൽ ഷോലെയും അമിതാഭ് ബച്ചനെയും എനിക്കും ഇഷ്ടമായിരുന്നു. അമിതാഭ് ബച്ചനെപ്പോലെ പോക്കറ്റിൽ കൈയിട്ട് നടക്കാൻ ഒരു ജാക്കറ്റ് വേണമെന്ന് പറഞ്ഞ് ഞാൻ നിർബന്ധം പിടിച്ചിട്ടുണ്ട്. അതേസമയം തന്നെ കുട്ടിയായിരിക്കുമ്പോൾ ഡൽഹി പ്രഗതി മൈതാനത്തിനടുത്ത് ശകുന്തള എന്നൊരു തിയേറ്ററിൽ മുത്തശ്ശിയ്ക്കൊപ്പം അർദ്ധസത്യ കണ്ടത് ഇപ്പോഴും ഓർക്കുന്നുണ്ട്. അന്ന് കസേരയിൽ എഴുന്നേറ്റു നിന്നാണ് ഞാനത് കണ്ടത്. വാണിജ്യ സിനിമയും കലാമേന്മയുളള സിനിമയും തമ്മിലുളള അതിർവരമ്പുകൾ മാറുകയാണ്. താരങ്ങളെ വച്ച് എന്ത് സിനിമയെടുത്താലും ഓടുന്ന കാലം കഴിഞ്ഞു. ഇന്നത്തെ തിരക്കിൽ പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകർഷിക്കണമെങ്കിൽ നല്ല ഉളളടക്കം ഉണ്ടായാലേ മതിയാവുകയുള്ളൂ.
മലയാളം സിനിമ കണ്ടിട്ടുണ്ടോ?
തീർച്ചയായും. മലയാളത്തിൽ നല്ല സിനിമകൾ ഇറങ്ങുന്നുണ്ട്. മലയാളികളുടെ ആസ്വാദനക്ഷമത വളരെ ഉയർന്നതാണ്. പ്രിയദർശനെ ഞാൻ ഗുരു സ്ഥാനീയനായാണ് കാണുന്നത്.