കിടാക്കന്മാർ പരസ്പരം നോക്കി.
''വേഗം ചെന്ന് എടുക്കെടാ. പുറത്ത് പൊലീസ് വല്ലതും വന്നാൽ അവർ ഈ ശബ്ദം കേൾക്കും."
എം.എൽ.എ ശ്രീനിവാസകിടാവ് തിടുക്കത്തിൽ അനുജനോടു പറഞ്ഞു.
ശേഖരകിടാവ് പെട്ടെന്നു ചെന്ന് റിസീവർ എടുത്തു.
''ഹലോ..."
''ഞാനാ." അപ്പുറത്തുനിന്ന് പതിഞ്ഞ ശബ്ദം. ഞാൻ ചന്ദ്രകലയെയും പ്രജീഷിനെയും കൂട്ടിക്കൊണ്ടു വരുവാൻ പോയി. പക്ഷേ..."
ശേഖരന്റെ പുരികം ചുളിഞ്ഞു.
''എന്തു പക്ഷേ?"
''അവരെ ഇവിടെ കാണുന്നില്ല. റൂം വെക്കേറ്റു ചെയ്തിട്ട് പോയെന്ന് ലോഡ്ജ് മാനേജർ പറഞ്ഞു."
''ങ്‌ഹേ?"
ശേഖരന്റെ കണ്ണുതള്ളി.
''അങ്ങനെ സംഭവിച്ചുകൂടല്ലോ..."
''ഒരു മണിക്കൂറായി, കാണുമെന്നാ അറിഞ്ഞത്. ഇനി അവർക്ക് വല്ല സംശയവും..."
''ഉറപ്പാണ്. നിന്റെ വാക്കിലോ പ്രവൃത്തിയിലോ അവർക്കു സംശയം ഉണ്ടായിക്കാണും." ശേഖരനു ദേഷ്യം വന്നു. ''വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾ പറഞ്ഞിരുന്നതല്ലേടാ?"
അപ്പുറത്ത് ഒരു നിമിഷത്തെ മൗനം.
എന്റെ ഭാഗത്തുനിന്ന് അങ്ങനെയൊന്നും ഉണ്ടായിട്ടില്ല സാർ.."
''ഇനി തർക്കിച്ചിട്ടു കാര്യമില്ല. ഉടൻ എല്ലായിടത്തും തിരയണം. അവർക്ക് ഒരു ഫോൺ കൊടുത്തിട്ടുണ്ടല്ലോ. അതിൽ വിളിച്ചിട്ട് അവർ എവിടെയെന്ന് ലൊക്കേറ്റു ചെയ്യ്. കയ്യിൽ കിട്ടിയാൽ പിന്നെ രക്ഷപെടാൻ പാടില്ല."
''ഇല്ല സാർ. ദേ, ഞാൻ ഇറങ്ങിക്കഴിഞ്ഞു."
ഫോൺ കട്ടായി.
ശേഖരകിടാവ് ചിന്തയോടെ ഫോൺ ക്രാഡലിൽ അമർത്തി.
ആകാംക്ഷയോടെ അയാളെ നോക്കി നിൽക്കുകയായിരുന്നു ശ്രീനിവാസകിടാവ്.
ശേഖരൻ കാര്യം പറഞ്ഞു.
''ഛേ..."
കിടാവ് തന്റെ വലം കൈ ചുരുട്ടി ഇടതു കൈപ്പത്തിയിൽ ഇടിച്ചു.
''അവരെ കിട്ടിയില്ലെങ്കിൽ..."
ശേഖരന് ഉത്തരമില്ലായിരുന്നു.
ശ്രീനിവാസകിടാവ് ഒരു കസേരയിലിരുന്നു.
ചിന്തയാൽ അയാളുടെ നെറ്റിയിൽ ചിലന്തിക്കാലുകൾ പോലെ ഞരമ്പുകൾ പിടച്ചുയർന്നു നിന്നു...
*****
തന്റെ ക്വാർട്ടേഴ്സിൽ വെരുകിനെപ്പോലെ അങ്ങിങ്ങു നടക്കുകയാണ് സി.ഐ അലിയാർ.
ചന്ദ്രകലയെയും പ്രജീഷിനെയും കസ്റ്റഡിയിൽ എടുക്കുവാൻ എസ്.ഐ സുകേശ് അടങ്ങുന്ന ഒരു സംഘത്തെ കർണാടയിലേക്ക് അയച്ചിരുന്നു അലിയാർ.
ത്രിവേണിസംഗമത്തിന് അരികിലുള്ള ഒരു ലോഡ്ജിൽ ഇരുവരുമുണ്ടെന്ന് കൃത്യമായി അവർ മനസ്സിലാക്കുകയും ചെയ്തിരുന്നു.
അത് ഒന്നുകൂടി ഉറപ്പാക്കാനായി സിവിൽ ഡ്രസ്സിൽ ഒരാളെ അവിടെ നിർത്തുകയും ചെയ്തിരുന്നു.
അത് അബദ്ധമായി എന്ന് ഇപ്പോൾ അലിയാർക്കു തോന്നി.
നിലമ്പൂർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനെ അവർ തിരിച്ചറിഞ്ഞിരിക്കും.
രാത്രിയായിട്ട് കസ്റ്റഡിയിൽ എടുത്താൽ മതിയെന്നായിരുന്നു തീരുമാനം. കാരണം അവരെ അവിടെ പാർപ്പിച്ചവരുടെ ഒരു 'കണ്ണ്' അവിടെ കാണുമെന്ന് ഉറപ്പുണ്ടായിരുന്നു.
കർണാടക വിട്ടു പോകരുതെന്ന് ചന്ദ്രകലയ്ക്കും പ്രജീഷിനും കോടതി നിർദ്ദേശം ഉണ്ടായിരുന്നതിനാൽ കോടതിയുടെ അനുമതി കൂടാതെ അവരെ കേരളത്തിലേക്കു കൊണ്ടുവരാൻ കഴിയില്ലല്ലോ...
തങ്ങൾ കോടതിയെ സമീപിച്ചാൽ ആ കാര്യം ലീക്കാകുകയും ചന്ദ്രകലയും പ്രജീഷും അവിടെവച്ച് വധിക്കപ്പെടാൻ ഇടയുണ്ടെന്നും കണക്കുകൂട്ടിയിരുന്നു.
അതാണു പിഴച്ചത്!
സുകേശും സംഘവും ഇരുവരെയും കസ്റ്റഡിയിലെടുക്കാൻ ചെല്ലുന്നതിനു തൊട്ടുമുൻപ് അവർ ഒരു ടാക്സിയിൽ രക്ഷപെടുകയായിരുന്നു.
അവിടെ നിരീക്ഷണത്തിൽ ഉണ്ടായ കോൺസ്റ്റബിൾ കാർ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
കാർ നിർത്താതെ പാഞ്ഞുപോയി.
പെട്ടെന്നു സെൽഫോൺ ഇരമ്പി. അലിയാർ എടുത്തുനോക്കി.
എസ്.ഐ സുകേശാണ്.
ഫോൺ കാതിലമർത്തി.
''ങാ. പറ സുകേശേ...
''ചന്ദ്രകലയെയും പ്രജീഷിനെയും തിരക്കി രണ്ടുപേർ ലോഡ്ജിൽ വന്നിരുന്നു. അവർ അവിടെയില്ലെന്നു കണ്ട് വന്ന കാറിൽത്തന്നെ മടങ്ങി. ഞങ്ങൾ അവരുടെ കാറിനെ പിൻതുടരുകയാണ്.
അവരെ കസ്റ്റഡിയിലെടുത്താലോ?"
''അവർ മലയാളികളാണോ കർണാടകക്കാരാണോ?"
''കണ്ടിട്ട് മലയാളികളാണെന്നു തോന്നിയില്ല. കാറും കർണാടക രജിസ്ട്രേഷനാണ്."
''എങ്കിൽ കസ്റ്റഡിയിൽ എടുക്കണ്ടാ. ഒരകലമിട്ട് അവർക്കു പിന്നിൽ നിൽക്കുക. അവർ എങ്ങോട്ടുപോകുന്നു, എന്തൊക്കെ ചെയ്യുന്നു എന്നു മാത്രം നോട്ടു ചെയ്തിട്ട് എന്നെ വിളിക്കുക."
'സാർ."
കാൾ മുറിഞ്ഞു.
അലിയാർ ഫോൺ ടേബിളിലേക്കിട്ടിട്ട് ഒരു സിഗററ്റ് എടുത്ത് ചുണ്ടുകൾക്കിടയിൽ തിരുകി.
രാത്രി കനത്തു.
കരുളായി.
ബലഭദ്രൻ തമ്പുരാൻ ഉറക്കത്തിലായിരുന്നു.
പെട്ടെന്ന് കോളിംംഗ് ബൽ നിർത്താതെ ശബ്ദിച്ചു.
ബലഭദ്രൻ ഞെട്ടിയുണർന്നു. കൈനീട്ടി ബെഡ്‌റൂം ലാംപ് തെളിച്ചു. തൊട്ടരുകിൽ സുമംഗലയും ഉണർന്നുകഴിഞ്ഞിരുന്നു.
''ഈ നേരത്താരാ?"
പിറുപിറുത്തുകൊണ്ട് ബലഭദ്രൻ ഹാളിലേക്കു നടന്നു. പൊടുന്നനെ പുറത്തൊരലർച്ച കേട്ടു!
(തുടരും)