camera

കണ്ണൂർ: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ നമുക്ക് പ്രിയങ്കരമാകാനുള്ള ഒരു പ്രധാന കാരണം അതിന്റെ ആകർഷകമായ ഓഫറുകളാണ്. കൂടാതെ ഷോപ്പിൽ പോയി സമയവും കളയണ്ട. എന്നാൽ ചിലപ്പോഴൊക്കെ ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ നമ്മൾ കബളിക്കപ്പെടാറുണ്ട്. ഓർഡർ ചെയ്ത സാധനങ്ങൾക്ക് പകരം വേറെ വല്ലതുമൊക്കെ കിട്ടിയവരുമുണ്ട്. അത്തരത്തിൽ ഒരു 'പണി' കണ്ണൂർ സ്വദേശിയായ വിഷ്ണു സുരേഷിന് കിട്ടിയിരിക്കുകയാണ്.

നവംബർ 20ന് ഫ്ലിപ്കാർട്ടിൽ നിന്നും 27,​500 രൂപ വിലവരുന്ന ഒരു ക്യാമറ വിഷ്ണു ഓർഡർ ചെയ്തു. ഇ-കാർട്ട് ലോജിസ്റ്റിക്സ് വഴി ഇന്നലെ രാവിലെ പതിനൊന്നരയോടെ ഒരു പ്ലാസ്റ്റിക് കവറിൽ പാഴ്സൽ ലഭിച്ചു. സന്തോഷത്തോടെ അത് തുറന്ന് നോക്കിയ വിഷ്ണു അക്ഷരാർത്ഥത്തിൽ ഞെട്ടി.

ക്യാമറയ്ക്ക് പകരം അതിലുണ്ടായിരുന്നത് ടൈൽ കഷണങ്ങളാണ്. എന്നാൽ ക്യാമറയുടെ യൂസർ മാന്വലും വാറണ്ടി കാർഡും ആ പെട്ടിയിൽ ഭദ്രമായി ഉണ്ടായിരുന്നു. ഉടൻതന്നെ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടു. ഒരാഴ്ചയ്ക്കകം പുതിയ ക്യാമറ അയച്ചുകൊടുക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.