director

താൻ ചെയ്ത വർക്കുകൾ ഹാക്കർമാർ കൈവശപ്പെടുത്തി പണം ആവശ്യപ്പെടുന്നുവെന്ന് ഫേസ്ബുക്ക് ലൈവിലൂടെ പരാതി പറഞ്ഞ് യുവ സംവിധായകൻ. തിരുവനന്തപുരത്ത് താമസിക്കുന്ന സംവിധായകൻ എസ്.ആർ സൂരജിന്റെ വെബ് സീരീസ് ഭാഗങ്ങളും ആൽബങ്ങളുമാണ് ഹാക്കർമാർ കൈവശപ്പെടുത്തിയത്. ഇതടങ്ങുന്ന ഫോൾഡർ എൻക്രിപ്റ്റ് ചെയ്ത ശേഷമാണ് ഹാക്കർമാർ സംവിധായകനോട് പണം ചോദിച്ചിരിക്കുന്നത്. ഒരു മാസം മുൻപാണ് സംഭവം നടന്നത്. അന്ന് മുതൽ ഇത് തിരികെ ലഭിക്കാനായി മറ്റ് ഹാക്കർമാരുടെയും സൈബർ വിദഗ്ദ്ധരുടെയും സൈബർ സെല്ലിന്റെയും വരെ സഹായം സൂരജ് അഭ്യർത്ഥിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ അവസാന മാർഗമെന്ന നിലയിലാണ് ഫേസ്ബുക്ക് ലൈവിലൂടെ സംവിധായകൻ സഹായം തിരക്കിയത്. സഹായിക്കാൻ കഴിയുന്നവർ തന്നെ സഹായിക്കണമെന്നാണ് സൂരജ് ആവശ്യപെടുന്നത്.

സൂരജ് ചെയ്ത വർക്കുകളുടെ ഫുട്ടേജ് സൂക്ഷിച്ച് വച്ചിരുന്ന എഡിറ്റിങ്ങ് സിസ്റ്റമാണ് ഹാക്ക് ചെയ്യപ്പെട്ടത്. സൂരജിന്റെ നാല് വർക്കുകളുടെ വിഷ്വലുകളാണ് സിസ്റ്റത്തിൽ ഉണ്ടായിരുന്നത്. ഇത് തിരികെ ലഭിക്കാനായി 950 ഡോളറാണ് ഹാക്കർമാർ ആവശ്യപ്പെടുന്നത്. ഇത് ഏതാണ്ട് 68,200 ഇന്ത്യൻ രൂപയോളം വരും. എന്നാൽ 72 മണിക്കൂറിനുള്ളിൽ പണം നൽകാൻ ഉദ്ദേശിക്കുന്നുവെങ്കിൽ 490 ഡോളർ(35,178 രൂപ) മാത്രം നൽകിയാൽ മതിയെന്ന 'ഓഫറും' ഹാക്കർമാർ സൂരജിന് നൽകുന്നുണ്ട്. '.derp' എന്ന ഫയൽ എക്സറ്റൻഷനിലേക്ക് ഹാക്കർമാർ ഫയൽ മാറ്റിയത് കാരണം ഈ വിഷ്വലുകൾ ആക്സസ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് സൂരജ് ഇപ്പോൾ. സൂരജിനായി ഒരു ടെസ്റ്റ് ഫയലും ഹാക്കർമാർ അവശേഷിപ്പിച്ചിരുന്നു. ഈ ഫയലിലൂടെയാണ് തങ്ങളുടെ ഡിമാന്റുകൾ ഹാക്കർമാർ വ്യക്തമാക്കിയത്.