maharashtra

ന്യൂഡൽഹി: മഹാരാഷ്ട്ര വിഷയം സംബന്ധിച്ച് ശിവസേന, കോൺഗ്രസ്, എൻ.സി.പി എന്നീ ത്രികക്ഷികൾ സമർപ്പിച്ച ഹർജിയിൽ വിധി പറയുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. നാളെ രാവിലെ 10.30 മണിക്കാണ് കേസിൽ വിധി പറയുക. കേസിൽ ഇന്നലെ ആരംഭിച്ച വാദം ഇന്നാണ് പൂർത്തിയായത്. ഇതോടെ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. തങ്ങൾക്ക് മുന്നിലുള്ള വിഷയം മഹാരാഷ്ട്ര നിയമസഭയിൽ നടക്കേണ്ടുന്ന വിശ്വാസവോട്ടെടുപ്പാണെന്ന് സുപ്രീം കോടതി പറ‌‌ഞ്ഞിരുന്നു. ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച വിഷയം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ വിശ്വാസ വോട്ടെടുപ്പ് നടത്തിയേ തീരൂ എന്നും ഇക്കാര്യത്തിൽ ഒരു ഇടക്കാല ഉത്തരവും പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും ഫഡ്നാവിസിന്റെ അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞപ്പോൾ മുൻപും 24 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഉത്തരവ് നൽകിയിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത് കോടതി ആവർത്തിക്കുകയും ചെയ്തു.

ജസ്റ്റിസുമാരായ എൻ.വി രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവർ അടങ്ങിയ മൂന്നംഗ ബഞ്ചാണ് ഹർജി പരിഗണിച്ചത്. കപിൽ സിബൽ, അഭിഷേക് മനു സിംഗ്‌വി, എന്നിവരാണ് ശിവസേന, എൻ.സി.പി, കോൺഗ്രസ് എന്നീ പാർട്ടികൾക്ക് വേണ്ടി കോടതിയിൽ വാദിച്ചത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായത്. ബി.ജെ.പി, എൻ.സി.പി, കോൺഗ്രസ്, ശിവസേന നേതാക്കളും കോടതിയിൽ ഉണ്ടായിരുന്നു. കേസിൽ മനീന്ദ്ര സിംഗ് അജിത് പവാറിനെയും മുകുൾ റോത്തഗി ദേവേന്ദ്ര ഫഡ്നാവിസിനെയും പ്രതിനിധീകരിച്ചു. എൻ.സി.പി, ശിവസേന, കോൺഗ്രസ് സഖ്യത്തിനെതിരെ ഹിന്ദു മഹാസഭ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഇത് സുപ്രീം കോടതി പരിഗണിച്ചില്ല.

ഗവർണറുടെ തീരുമാനത്തിന്റെ പകർപ്പ് തന്റെ കൈവശം ഉണ്ടെന്ന് തുഷാർ മേത്ത പറഞ്ഞു. അജിത് പവാർ തന്റെ കൂടെ 54 എം.എൽ.എമാരുണ്ടെന്ന് കാട്ടി ഗവർണർക്ക് നൽകിയ കത്തും തുഷാർ മേത്ത കോടതിയിൽ വായിച്ചു. താൻ ബി.ജെ.പിയോടൊപ്പം ചേരുകയാണെന്നുള്ള പ്രസ്താവനയും എം.എൽ.എമാരുടെ ഒപ്പുകളുമാണ് കത്തിൽ ഉണ്ടായിരുന്നതെന്നും തുഷാർ മേത്ത പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിയെ ക്ഷണിക്കാനുള്ള അധികാരം ഗവർണർക്ക് ഉണ്ടെന്നും മേത്ത കോടതിയിൽ പറഞ്ഞു. ഗവർണർക്ക് അജിത് പവാറിന്റെ വാക്കുകൾ അവിശ്വസിക്കേണ്ട ഒരു കാര്യവും ഇല്ലായിരുന്നുവെന്നും ബി.ജെ.പി - എൻ.സി.പി സഖ്യത്തിന് 106 എം.എൽ.എമാരുടെ പിന്തുണ സർക്കാർ രൂപീകരിക്കാനായി ഉണ്ടായിരുന്നുവെന്നും മേത്ത കോടതിയിൽ പറഞ്ഞു.

അതേസമയം, ബി.ജെ.പിയോടൊപ്പം ചേർന്ന ശേഷം കുടുംബത്തിലുള്ള പ്രശ്നങ്ങൾ കാരണം ശരദ് പവാർ ഇപ്പോൾ കുതിര കച്ചവടം നടത്തുകയാണെന്ന് മുകുൾ റോത്തഗി കോടതിയിൽ പറഞ്ഞു. വിശ്വാസവോട്ടെടുപ്പ് എപ്പോൾ നടത്തണമെന്ന കാര്യം തീരുമാനിക്കാനുള്ള അധികാരം ഗവർണർക്കാണെന്നും റോത്തഗി പറഞ്ഞു. വിശ്വാസവോട്ടെടുപ്പിലൂടെയാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്ന് ആർക്കും എതിർപ്പില്ലെന്നും ഫഡ്നാവിസിന്റെ അഭിഭാഷകൻ പറഞ്ഞു. സർക്കാരിന് ഭൂരിപക്ഷം ഉണ്ടെന്നും സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ അധികാരത്തിൽ കോടതി ഇടപെടുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഫഡ്നാവിസിന്റെയും കേന്ദ്രത്തിന്റെയും അഭിഭാഷകർ കോടതി പറഞ്ഞു.

അജിത് പവാർ തന്നെയാണ് എൻ.സി.പിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതേസമയം 154 എം.എൽ.എമാരുടെ പിന്തുണയുണയുണ്ടെന്ന് ശിവസേന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ പറഞ്ഞു. ബി.ജെ.പിയെ ക്ഷണിക്കാൻ എന്തായിരുന്നു ഗവർണറുടെ തിടുക്കമെന്നും കപിൽ സിബൽ കോടതിയിൽ ചോദിച്ചു.24 മണിക്കൂറിനുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും അത് ലോകത്തിന് കാണാവുന്ന രീതിയിലാകണമെന്നും വിശ്വാസവോട്ടെടുപ്പിൽ പ്രോട്ടേം സ്പീക്കറെ സുപ്രീം കോടതി തീരുമാനിക്കണമെന്നും കോടതി ജനാധിപത്യത്തിന്റെ പരിശുദ്ധി സംരക്ഷിക്കണമെന്നും മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. ഇന്നോ നാളെയോ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും സിംഗ്‌വി പറഞ്ഞു.എന്നാൽ ബി.ജെ.പി ഇതിനെ എതിർത്തു. പുതിയ സത്യവാങ്മൂലം വരുമ്പോൾ അതിന് സമയം അനുവദിക്കണം എന്നാണ് ബി.ജെ.പിയുടെ വാദം. സുപ്രീം കോടതി പ്രോടെം സ്പീക്കറെ നിയമിക്കണമെന്ന വാദത്തെയും ബി.ജെ.പി എതിർത്തു. പ്രോടെം സ്പീക്കറെ നിയമിക്കുന്ന നടപടിയും മറ്റ് നടപടികൾക്കും 14 ദിവസത്തെ സമയം വേണമെന്നും ബി.ജെ.പി പറഞ്ഞു.