വെയിൽ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തൊട്ടുപിന്നാലെ പുത്തൻ ലുക്കിൽ ഷെയ്ൻ നിഗം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പുതിയ മേക്കോവർ താരം പുറത്ത് വിട്ടത്. മുടിപറ്റെവെട്ടി താടിയും മീശയും എടുത്ത് കളഞ്ഞിട്ടുള്ള നടന്റെ ചിത്രം ആരാധകരെ മാത്രമല്ല സഹപ്രവർത്തകരെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
വെയിൽ എന്ന ചിത്രവുമായി ഷെയ്ൻ സഹകരിക്കുന്നില്ലെന്ന് മുമ്പ് ആരോപണമുയർന്നിരുന്നു.വെയിലിലെ കഥാപാത്രത്തിനായി നീട്ടിവളർത്തിയ മുടി ഷെയ്ൻ വെട്ടിയത് ചിത്രീകരണം മുടക്കാനാണെന്ന് നിർമ്മാതാവ് ജോബി ജോർജ് നേരത്തെ ആരോപിച്ചിരുന്നു. അതിനാൽത്തന്നെ ഇപ്പോഴത്തെ പുത്തൻ മേക്കോവർ അണിയറ പ്രവർത്തകരോടുള്ള പ്രതിഷേധ സൂചകമായാണ് എന്ന് പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
അതേസമയം, വെയിലിന്റെ ചിത്രീകരണവുമായി താൻ സഹകരിക്കുന്നില്ല എന്ന തരത്തിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സിനിമക്ക് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂർത്തിയാക്കിയിട്ടുണ്ട്. ചിത്രീകരണ വേളയിൽ ശാരീരിക ബുദ്ധിമുട്ടുകളും തനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നും താരം കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.