teacher

തൃശൂർ:പാമ്പുകടിയേറ്റ് ഷഹല ഷെറിൻ എന്ന വിദ്യാർത്ഥിനിയുടെ മരണത്തിന് ബത്തേരി സർവ്വജന സ്‌കൂളിലെ അദ്ധ്യാപകരുടെ ഉത്തരവാദിത്തമില്ലായ്മ ഒരു പരിധിവരെ കാരണമായിട്ടുണ്ട്. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അവൾ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു. ഇത്തരം ആദ്ധ്യാപകർ തൃശൂരിലെ കുറ്റിക്കാട്ടൂർ ഗവ ഹയർസെക്കന്ററി സ്കൂളിലെ ആദ്ധ്യാപകരെ മാതൃകയാക്കണം.

കഴിഞ്ഞ ദിവസം ഈ സ്കൂളിലെ അഞ്ചാം ക്ലാസുകാരനായ ഹൃത്വികിന് പാമ്പ് കടിയേറ്റു. രാവിലെ സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ,​ വഴിയിൽവെച്ച് കാലിൽ എന്തോ തട്ടിയതുപോലെ കുട്ടിക്ക് തോന്നി. സ്കൂളിലെത്തി ഹൃത്വികിന്റെ സുഹൃത്ത് ഗൗതം, ഗോപകുമാർ എന്ന അദ്ധ്യാപകനോട് കാര്യം പറഞ്ഞു. അദ്ദേഹം ഉടൻതന്നെ വിദ്യാർത്ഥിയെ പ്രധാനദ്ധ്യാപികയായ വി.എ ആശയുടെ ആടുത്തെത്തിച്ചു.

പരിശോധനയിൽ കുട്ടിയുടെ കാലിൽ ചെറിയൊരു മുറിവ് ശ്രദ്ധയിൽപ്പെട്ട ആശ ടീച്ചർ, ഉടൻ ആശുപത്രിയിലെത്തിക്കാൻ സീനിയർ അസിസ്റ്റന്റ് രാജീവിനും ഗോപകുമാറിനും നിർദേശം നൽകി. വിദ്യാർത്ഥിയുടെ ബന്ധുക്കളെ കാത്തുനിൽക്കാതെ തന്നെ ഇരുവരും ഹൃത്വികിനെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

പരിശോധനയിൽ സംശയം തോന്നിയ ഡോക്ടർ വിദ്യാർത്ഥിയെ ഉടൻ മെഡിക്കൽ കോളേജിലെത്തിക്കാൻ ആവശ്യപ്പെട്ടു. സമയം വൈകിപ്പിക്കാതെ മെഡിക്കൽ കോളേജ് മാതൃ ശിശു കേന്ദ്രത്തിൽ എത്തിച്ചകുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് പാമ്പ് കടിച്ച കാര്യം അറിയുന്നത്. തുടർന്ന് അടിയന്തര ചികിത്സ നൽകി. സുഖം പ്രാപിച്ച കുട്ടിയെ ഡിസ്ചാർജ് ചെയ്തു. അദ്ധ്യാപകരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് അവന്റെ ജീവന് ആപത്ത് ഒന്നും ഉണ്ടാകാതിരുന്നത്.