ലക്‌നൗ: ഉത്തർ പ്രദേശിലെ അയോദ്ധ്യയിലെ പശുക്കൾക്ക് ശൈത്യകാലത്ത് കോട്ട് വാങ്ങി നൽകാൻ അവിടുത്തെ മുനിസിപ്പൽ കോർപറേഷൻ തീരുമാനിച്ച വാർത്ത ഇന്നലെയാണ് മാദ്ധ്യമങ്ങളിൽ വന്നത്. ജ്യൂട്ട് കൊണ്ട് നിർമിച്ച ഈ കോട്ടുകൾ വിവിധ ലെയറുകൾ ഉള്ളതാണെന്നും പശുക്കൾക്ക് മാത്രമല്ല കാളകൾക്കും പശുകുട്ടികൾക്കും തങ്ങൾ കോട്ടുകൾ നിർമിച്ച് നൽകുമെന്നും അയോദ്ധ്യ മുനിസിപ്പൽ കോർപറേഷൻ പ്രസ്താവിച്ചിരുന്നു. എന്നാൽ പശുക്കളുടെ കാര്യത്തിൽ ജനപ്രതിനിധികൾ ആശങ്കപ്പെടുമ്പോൾ സംസ്ഥാനത്തെ കുഞ്ഞുങ്ങളുടെ കാര്യത്തിലേക്ക് അവരുടെ ശ്രദ്ധ ചെല്ലുന്നില്ല എന്നതാണ് വാസ്തവം.
കേന്ദ്ര സർക്കാരിന്റെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒഫ് ഇന്ത്യയുടെ കണക്കുകളാണ് ഉത്തർ പ്രദേശിലെ കുഞ്ഞുങ്ങളുടെ ദുരവസ്ഥ വെളിവാകുന്നത്. ഉത്തർ പ്രദേശിലെ ആശുപത്രികളിൽ നടക്കുന്ന ശിശുമരങ്ങളിൽ ഭൂരിഭാഗവും പുറത്തറിയാതെ പോകുന്നുവെന്നും ഒളിച്ചുവയ്ക്കപ്പെടുന്നുവെന്നും വലിയ തോതിലാണ് കുഞ്ഞുങ്ങൾ ആശുപത്രികളിൽ മരണപ്പെട്ടുകൊണ്ടിരിക്കുന്നതെന്നുമാണ് സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. അത്യാവശ്യ ഔഷധങ്ങളും പ്രസവസമയത്ത് ആവശ്യമായ സ്റ്റിറോയ്ഡ് മരുന്നുകളും മിക്ക ആശുപത്രികളിലും ഇല്ലാത്തതാണ് ശിശുമരണനിരക്ക് കൂടാൻ കാരണമാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉത്തർ പ്രദേശിലെ ഗ്രാമീണ മേഖലകളിലുള്ള ആശുപത്രികളിലാണ് നവജാത ശിശുക്കൾ ഏറ്റവും കൂടുതലായി മരണപ്പെടുന്നത്.
ആശുപത്രികളിൽ വൃത്തിയും ശുചിത്വവും ഇല്ലാത്തതും ഈ മരണനിരക്ക് കൂട്ടുന്നു. സി.എ.ജി റിപ്പോർട്ട് സർക്കാരിന്റെ കണക്കുകളെയും ഖണ്ഡിക്കുന്നതാണ്. സംസ്ഥാനത്ത് ചാപിള്ളകളായ കുഞ്ഞുങ്ങൾ ജനിക്കുന്നത് 1.63 ശതമാനം മാത്രമാണെന്ന് സംസ്ഥാന സർക്കാർ പറയുമ്പോൾ അത് 2.2 ശതമാനം വരെയുണ്ടന്ന് സി.എ.ജി. കണ്ടെത്തിയിട്ടുണ്ട്. 2013 മുതൽ 2018 വരെയുള്ള കാലഘട്ടത്തിലെ കണക്കാണ് സി.എ.ജിയുടെ റിപ്പോർട്ടിലുള്ളത്. ഇതുകൂടാതെ ഉത്തർ പ്രദേശിൽ ശിശു ജനങ്ങളിൽ പകുതിയും ആശുപത്രികളിലല്ല നടക്കുന്നതെന്ന് നീതി ആയോഗിന്റെ കണക്കുകളും സൂചിപ്പിക്കുന്നു. 2018ലെ ഐക്യരാഷ്ട്ര സംഘടനാ റിപ്പോർട്ട് പ്രകാരം അഞ്ച് വയസിന് താഴെയുള്ള 850 കുട്ടികളാണ് ഓരോ ദിവസവും ഉത്തർ പ്രദേശിൽ മരണപ്പെടുന്നത്.