ഓരോ രാഷ്ട്രത്തിന്റെയും ഭാഗധേയത്തിൽ നിർണായക പങ്കാണ് അവ അംഗീകരിച്ചിട്ടുള്ള ഭരണഘടനയും ഭരണഘടനയെ രൂപപ്പെടുത്തിയ ഘട്ടവും വഹിച്ചിട്ടുള്ളത്. അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടന രൂപീകൃതമായ ഫിലാഡെൽഫിയ കൺവെൻഷനുശേഷം ലോകചരിത്രത്തിൽ അടയാളപ്പെട്ട ഒന്നാണ് ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭയിലെ ചർച്ചകൾ. സ്വാതന്ത്ര്യസമരത്തിൽ അന്തർലീനമായ രാഷ്ട്രീയ അവബോധം, ജനാധിപത്യസംസ്കാരം, സാമ്പത്തിക കൈയേറ്റങ്ങൾക്കെതിരായ വികാരം എന്നിവയെല്ലാം പല രീതിയിലും പല തോതിലും നമ്മുടെ ഭരണഘടനയിൽ പ്രതിഫലിച്ചിട്ടുണ്ട്. വെസ്റ്റ് മിൻസ്റ്റർ സമ്പ്രദായത്തിലുള്ള പാർലമെന്ററി ജനാധിപത്യമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ, അധികാരവികേന്ദ്രീകരണത്തിനും സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങൾക്കും വേണ്ടി സുദീർഘമായ സംവാദങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വിശേഷിച്ച് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും നിയമനിർമാണ സഭകൾക്കും കോടതികൾക്കും അവരവരുടേതായ പങ്കുണ്ട്.
ഭരണഘടനാ ഭേദഗതികൾ പൗരാവകാശങ്ങളെ വെട്ടിച്ചുരുക്കുന്നതിലേക്ക് നീങ്ങിയപ്പോൾ അതിനെതിരെ ശക്തമായ നിയമയുദ്ധം നടത്തിയതിന്റെ രേഖ ഇന്നും എ.കെ.ഗോപാലൻ വെഴ്സസ് സ്റ്റേറ്റ് ഒഫ് മദ്രാസ് എന്ന വിധിന്യായത്തിലൂടെ നിയമവിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കരുതൽ തടങ്കലിലൂടെ പൗരാവകാശ ലംഘനം നടത്തുന്നതിനെതിരെയായിരുന്നു ആ പോരാട്ടം. അന്ന് ഭൂരിപക്ഷ വിധി എതിരായിരുന്നെങ്കിലും അഞ്ച് ദശാബ്ദങ്ങൾക്കുശേഷം സുപ്രീം കോടതി അന്നത്തെ ന്യൂനപക്ഷ വിധിയായിരുന്നു ശരി എന്നു പറയുകയുണ്ടായി.ജനാധിപത്യ സംവിധാനങ്ങൾ അതേപടി നിലനിറുത്താൻ വേണ്ടി വീണ്ടും നിയമയുദ്ധങ്ങൾ പരമോന്നത കോടതിക്കു മുമ്പാകെ ഉണ്ടായിട്ടുണ്ട്. എടുത്തു പറയേണ്ടതാണ് ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാനായി എ.ഡി.എം ജബൽപൂർ വെഴ്സസ് ശിവകാന്ത് ശുക്ല കേസ്. അടിയന്തരാവസ്ഥയുടെ നാളുകളിലാണ് വിധി വന്നത്. ജീവിക്കാനുള്ള അവകാശം പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ടിട്ടുള്ള അടിയന്തരാവസ്ഥയിൽ നിലനിൽക്കില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി. ഈ വിധിയും ശരിയായിരുന്നില്ലെന്ന് പിന്നീട് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നതുപോലെ നമ്മൾ നമുക്കുവേണ്ടി നൽകിയ ഭരണഘടനയെ അതിന്റെ അന്തഃസത്ത പോകാതെ സംരക്ഷിക്കുന്നതിനുള്ള ചുമതല ഓരോ പൗരനുമുണ്ട് .ഭരണഘടന ആമുഖത്തിൽ തന്നെ ഉയർത്തിപ്പിടിച്ച ചില അടിസ്ഥാനമൂല്യങ്ങളുണ്ട്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത എന്നിവയാണവ. എന്നാൽ, ഇത് ആ അർത്ഥത്തിൽ ഉൾക്കൊള്ളാൻ ഭരണഘടനാ സ്ഥാപനങ്ങൾക്കു പോലും കഴിയുന്നുണ്ടോ എന്നാലോചിക്കണം. മതേതര റിപ്പബ്ലിക് എന്ന് ഭരണഘടന തന്നെ ഇന്ത്യയെ വിശേഷിപ്പിച്ചിരിക്കെ വർഗീയശക്തികളെയും മതനിരപേക്ഷ ശക്തികളെയും ഒരേപോലെ കണ്ടുകൂടാത്തതാണ്. മതേതരശക്തികളെ വർഗീയ ശക്തികളോട് താരതമ്യപ്പെടുത്തുന്നതു തന്നെ ഭരണഘടനാവിരുദ്ധമാണ്. സോഷ്യലിസ്റ്റ് എന്ന സങ്കല്പമാണ് ഭരണഘടന ഉയർത്തിപ്പിടിക്കുന്നത്. സോഷ്യലിസ്റ്റ് സങ്കല്പത്തിൽ നിന്നുള്ള പുറംതിരിഞ്ഞു പോകലുകളെ, പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന നീക്കങ്ങളെ ഭരണഘടനാനുസൃത നടപടിയായി കാണാനാവുമോ? ജനാധിപത്യ റിപ്പബ്ലിക്കെന്ന് അഭിമാനപൂർവം വിശേഷിപ്പിക്കുമ്പോഴും ജനാധിപത്യഹത്യകൾ അങ്ങിങ്ങായി നടക്കുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ 356-ാം വകുപ്പ് ഉപയോഗിച്ച് പുറത്താക്കിയതിന്റെ എത്ര ദൃഷ്ടാന്തങ്ങളാണുള്ളത്. സഭാതലത്തിൽ തെളിയേണ്ട ഭൂരിപക്ഷത്തെ സഭയ്ക്ക് പുറത്ത് കാലുമാറ്റത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും സ്ഥാപിച്ചെടുക്കുന്നതും അതിന് അധികാരസ്ഥാനങ്ങൾ തന്നെവഴിവെക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു.
ശാസ്ത്രയുക്തിക്ക് പരമപ്രാധാന്യമാണ് ഭരണഘടന കൽപിക്കുന്നത്. എന്നാൽ, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തിരികെ കൊണ്ടുവരുന്നതും ശാസ്ത്രത്തെ ഐതിഹ്യം കൊണ്ടും ഊഹാപോഹം കൊണ്ടും പകരം വയ്ക്കുന്നതുമായ പ്രക്രിയ അധികാരത്തിന്റെ ആഭിമുഖ്യത്തിൽ ശക്തിപ്പെടുമ്പോൾ ഭരണഘടനയോട് എത്രത്തോളം നീതിപുലർത്താനാവും? ഭരണഘടനാ പിതാക്കൾക്ക് ഇന്ത്യയെക്കുറിച്ച് മഹത്തായൊരു സ്വപ്നമുണ്ടായിരുന്നു. അത് സാക്ഷാത്കരിക്കാൻ എത്രത്തോളം മുമ്പോട്ടു പോവാനായെന്നും ആലോചിക്കേണ്ടതുണ്ട്. അന്നന്നത്തെ അന്നത്തിനു പോലും വകയില്ലാതെ വലിയൊരു വിഭാഗം വിഷമിക്കുമ്പോൾ, മനുഷ്യപദവി പോലും നിഷേധിക്കപ്പെട്ട് ദളിതരും ന്യൂനപക്ഷങ്ങളും രാജ്യത്തിന്റെ പല ഭാഗത്തും ജാതിപ്രമാണിമാരാലും ഭൂപ്രമാണിമാരാലും വർഗീയവാദികളാലും നിഷ്ഠുരമായി അടിച്ചമർത്തപ്പെടുമ്പോൾ, ഭരണഘടനാ സ്വപ്നങ്ങൾ എത്രത്തോളം യാഥാർത്ഥ്യമായി? ആ ചോദ്യം മുൻനിറുത്തി അർത്ഥവത്തായ ചർച്ചകളുണ്ടാവേണ്ടതുണ്ട്. അങ്ങനെയാണ് ഭരണഘടനാ ദിനാചരണം അർത്ഥപൂർണമാവേണ്ടത്.