scindhya

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ തന്റെ ട്വിറ്റർ അക്കൗണ്ട് പ്രൊഫൈലിൽ നിന്നും 'കോൺഗ്രസ്' എന്ന പദം നീക്കം ചെയ്തു. ഇതിനു പകരം, 'പൊതുപ്രവർത്തകൻ', ക്രിക്കറ്റ് പ്രേമി', എന്നീ വാക്കുകളാണ് സിന്ധ്യ തന്റെ അക്കൗണ്ടിൽ എഴുതി ചേർത്തിരിക്കുന്നത്. മഹാരാഷ്ട്ര രാഷ്ട്രീയം കലുഷിതമായിരിക്കുന്ന വേളയിൽ സിന്ധ്യയുടെ ഈ പ്രവർത്തി കോൺഗ്രസ് വൃത്തങ്ങളിൽ ആശങ്കയ്ക്കുള്ള വകയാണ് നൽകിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ അട്ടിമറിക്ക് ശേഷം ബി.ജെ.പി മദ്ധ്യപ്രദേശിലും കൈ വയ്ക്കുന്നതിന്റെ സൂചനയാണോ ഇതെന്നാണ് രാഷ്ട്രീയ രംഗത്തെ അടക്കം പറച്ചിലുകൾ. അങ്ങനെയാണെങ്കിൽ മദ്ധ്യപ്രദേശിലെ അനിഷേദ്ധ്യ നേതാവും രാഹുൽ ഗാന്ധിയുടെ വിശ്വസ്ഥ തോഴനെന്നും പേരുകേട്ട സിന്ധ്യയുടെ കൂറുമാറ്റം കോൺഗ്രസിന് ചില്ലറ ക്ഷീണമായൊന്നുമാകില്ല ഏൽപ്പിക്കുക. സിന്ധ്യയോട് അടുപ്പമുള്ള 20 എം.എൽ.എമാരെ ബി.ജെ.പിയിലേക്കെത്തിക്കാൻ ശ്രമം നടക്കുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ പുതിയ വിവാദം.

എന്നാൽ ട്വിറ്ററിലെ ഈ മാറ്റം മാസങ്ങൾക്ക് മുൻപേ തന്നെ താൻ വരുത്തിയതാണെന്നും താൻ കോൺഗ്രസ് വിടുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നുമാണ് സിന്ധ്യ പ്രതികരിച്ചിരിക്കുന്നത്. കമൽ നാഥിനെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി കോൺഗ്രസ് തീരുമാനിച്ചപ്പോൾ മുതൽ സിന്ധ്യയും കോൺഗ്രസുമായി മുറുമുറുപ്പുകൾ ആരംഭിച്ചിരുന്നു. മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷന്റെ സ്ഥാനത്തേക്ക് അന്തരിച്ച കോൺഗ്രസ് നേതാവ് അർജുൻ സിംഗിന്റെ മകൻ അജയ് സിംഗിന്റെ പേര് നിർദ്ദേശിക്കപ്പെട്ടത് സിന്ധ്യയുടെ ഈ നീരസം ഒന്നുകൂടി കടുക്കാൻ കാരണമായി. കമൽനാഥും ദിഗ്‌വിജയ് സിങ്ങും ചേർന്നാണ് അജയിയുടെ പേര് നിർദ്ദേശിച്ചത്. തുടർന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി ആ സ്ഥാനത്ത് നിന്നും രാജി വച്ചതിന്റെ പിന്നാലെ സിന്ധ്യയും തന്റെ ജനറൽ സെക്രട്ടറി സ്ഥാനവും രാജി വച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉത്തർ പ്രദേശിൽ പ്രിയങ്കാ ഗാന്ധിക്കൊപ്പം പപ്രചാരണത്തിനുണ്ടായിരുന്ന സിന്ധ്യ അവിടെ സംഭവിച്ച തോൽവിയെ തുടർന്ന് ഏറെ വിമർശനം നേരിട്ടിരുന്നു.