norka-roots

കൊച്ചി: എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ശേഷം നോർക്ക റൂട്ട്സിന്റെ ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 55, 000 പേരാണ്. എന്നാൽ ഇവരിൽ എത്ര പേർക്ക് ജോലി നൽകിയെന്നതിന്റെ കണക്ക് കയ്യിലില്ലെന്നാണ് നോർക്ക റൂട്സ് പറയുന്നു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി സമർപ്പിച്ച ചോദ്യത്തോടാണ് നോർക്ക കൈമലർത്തിയത്. അതെ സമയം പ്രവാസി സംരംഭകരെ കേരളത്തിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ബിസിനസ് ഫസിലിറ്റേഷന്‍ സെന്റർ (എൻ.ബി.എഫ്.സി) കൺസൾട്ടൻസിക്കായി മാത്രം നോർക്ക റൂട്‌സ് ചിലവാക്കിയത് അമ്പത്തിരണ്ടു ലക്ഷം രൂപയാണെന്ന് വിവരാവകാശ രേഖയിൽ പറയുന്നു.

മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനാണ് ഈ തുക നൽകിയത്. ഇക്കൂട്ടത്തിൽ പ്രചാരണത്തിന് പതിനെട്ട് ലക്ഷം രൂപയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും മറ്റു ചിലവുകൾക്കുമായി നൽകിയത് പന്ത്രണ്ടു ലക്ഷം രൂപയുമാണ്. കോടികൾ മുടക്കി പ്രചാരണം നടത്തുന്ന നോർക്ക റൂട്സ് എന്ത് കൊണ്ടാണ് എത്ര പേർക്ക് ജോലി ലഭിച്ചുവെന്ന് പറയാൻ സാധിക്കാത്തത് എന്ന് വ്യക്തമാക്കണമെന്ന് കെ. ഗോവിന്ദൻ നമ്പൂതിരി ആവശ്യപ്പെടുന്നു. ഫെബ്രുവരി 29ന് നോർക്ക റൂട്ട്സ് ആരംഭിച്ച എക്സ്പ്രസ്സ് റിക്രൂട്ട്മെന്റിലേക്ക് 400 ഓളം ഉദ്യോഗാർത്ഥികൾ അപേക്ഷിച്ചിരുന്നു. ഇന്റർവ്യൂവിൽ പങ്കെടുത്ത 113 പേരിൽ 75 നഴ്‌സുമാരെ തിരഞ്ഞെടുത്തു. നിയമനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്നും വിവരാവകാശ രേഖയിൽ പറയുന്നു. ലോക കേരള സഭാംഗങ്ങളും നോർക്ക ഡയറക്ടർമാരും പ്രളയദുരിതാശ്വാസ നിധിയിലേയ്ക്ക് എത്ര തുക നൽകിയെന്ന ചോദ്യത്തിനും നോർക്ക ഉത്തരം നൽകിയിട്ടില്ല.