madhya-pradesh

മുംബയ്: പ്രമുഖ കോൺഗ്രസ് നേതാവും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായ ജോതിരാദിത്യ സിന്ധ്യ തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് 'കോൺഗ്രസ് ബന്ധം' വെട്ടിയതോടെ മദ്ധ്യപ്രദേശിലും രാഷ്ട്രീയ അഭ്യൂഹങ്ങൾ ശക്തമായി. മുൻ എം.പി, യു.പി.എ സർക്കാരിലെ മുൻ മന്ത്രി, തുടങ്ങിയ വിവരങ്ങളാണ് ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിൽനിന്ന് നീക്കിയത്. പകരം പൊതുജനസേവകനെന്നും ക്രിക്കറ്റ് ഭ്രാന്തനെന്നും മാത്രമാണ് ചേർത്തിരിക്കുന്നത്. ഇതോടെ മഹാരാഷ്ട്രയ്ക്ക് പിന്നാലെ മദ്ധ്യപ്രദേശിലും അട്ടിമറി നടക്കുന്നുവെന്ന തരത്തിലാണ് വാർത്തകൾ പുറത്ത് വന്നത്.

അതേസമയം ഇതിനെതിരെ പ്രതികരിച്ച് സിന്ധ്യ രംഗത്തെത്തിയിട്ടുണ്ട്. ഒരു മാസം മുൻപ് തന്നെ ട്വിറ്ററിൽ മാറ്റം വരുത്തിയിരുന്നുവെന്നും താൻ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സിന്ധ്യയുമായി അടുപ്പമുള്ള ഇരുപത് കോൺഗ്രസ് എംഎൽ.എമാരെ ബി.ജെ.പിയിലെത്തിക്കാൻ ശ്രമം നടക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ വിവാദം.

മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം ആഗ്രഹിച്ച ജ്യോതിരാദിത്യ സിന്ധ്യയും ഒരുവിഭാഗം നേതാക്കളും തമ്മിൽ ഉൾപ്പോര് രൂക്ഷമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് കമൽനാഥും ദ്വിഗ്‌വിജയ് സിംഗും അജയ് സിംഗിന്റെ പേര് നിർദേശിച്ചതാണ് പ്രശ്നമായതെന്നാണ് അഭ്യൂഹം. അന്തരിച്ച കോൺഗ്രസ് നേതാവ് അർജുൻ സിംഗിന്റെ മകനാണ് അജയ് സിംഗ്. രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചതിനു പിന്നാലെ സിന്ധ്യയും ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നു. കഴിഞ്ഞ വർഷം മദ്ധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി സ്ഥാനം നൽകാത്തതിൽ സിന്ധ്യയ്ക്ക് നീരസം ഉണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിക്കൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുൻപന്തിയിൽ ഉണ്ടായിരുന്ന സിന്ധ്യയ്ക്ക് അവിടെ നേരിട്ട കനത്ത പരാജയത്തെ തുടർന്ന് ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.