പൂനെ: ബി.ജെ.പിക്കൊപ്പം ചേർന്ന സഹോദരപുത്രൻ അജിത് പവാറിന്റെ നീക്കങ്ങൾക്കു പിന്നിൽ താനല്ലെന്ന് ആവർത്തിച്ച് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ. മഹാരാഷ്ട്രയിലെ കരാഡിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രിയായ യശ്വന്ത് റാറാവു ചവാന്റെ ചരമവാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ കരാഡിൽ എത്തിയതായിരുന്നു പവാർ.
അജിത് പവാറിനെതിരെ എൻ.സി.പി നടപടിയെടുത്തിരുന്നെങ്കിലും അത് പാർട്ടിയുടെ തന്ത്രപരമായ നീക്കമാണെന്നും പിന്നിൽ ശരദ് പവാറാണെന്നുമുള്ള ആക്ഷേപങ്ങൾ ഇപ്പോഴും സജീവമാണ്. ഇതു നിഷേധിച്ചാണ് ശരദ് പവാറിന്റെ വിശദീകരണം. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ശിവസേനയുടെയും കോൺഗ്രസിന്റെയും ശ്രമങ്ങൾക്കൊപ്പമാണ് എൻ.സി.പി എന്ന് പവാർ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് നാടകീയ നീക്കത്തിലൂടെ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച അജിത് പവാറിന്റെ സഹായത്തോടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.
ബി.ജെ.പിക്കൊപ്പം ചേരാനും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുമുള്ള തീരുമാനം അജിത് പവാറിന്റേത് മാത്രമാണെന്ന് ശരദ് പവാർ ആവർത്തിച്ചു. അനന്തരവനായ അജിത്തുമായി നിലവിൽ സമ്പർക്കമില്ലെന്നും പവാർ വ്യക്തമാക്കി. തന്റെ 50 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഇത്തരം പല സാഹചര്യങ്ങളും നേരിട്ടിട്ടുണ്ട്. ബുദ്ധിമുട്ടുകൾ വരികയും പോകുകയും ചെയ്യും. എന്നാൽ രാജ്യത്തെ ജനങ്ങൾ ശക്തരായി നിലകൊള്ളുമെന്നും തനിക്ക് യുവാക്കളുടെ പിന്തുണയുണ്ടെന്നും ഒന്നിനെക്കുറിച്ചും ഭയമില്ലെന്നും പവാർ കൂട്ടിച്ചേർത്തു. സതാര മണ്ഡലത്തിൽ നിന്നുള്ള എൻ.സി.പി എം.പി ശ്രീനിവാസ് പാട്ടീലും ശരദ് പവാറിനൊപ്പം ഉണ്ടായിരുന്നു.
തിരിച്ചെത്തുമോ അജിത് പവാർ?
ബി.ജെ.പിക്കൊപ്പം പോയ അജിത് പവാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ എൻ.സി.പി തുടരുകയാണെന്നാണ് റിപ്പോർട്ട്. അജിത് പവാറുമായി സംസാരിച്ചെന്നും ഉടനെ അദ്ദേഹവുമായി വീണ്ടും കൂടിക്കാഴ്ച നടത്താൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും എൻ.സി.പി നേതാവ് ജയന്ത് പാട്ടീൽ പറഞ്ഞു. അതേസമയം, താനാണ് യഥാർത്ഥ എൻ.സി.പി എന്നാണ് അഭിഭാഷകൻ മുഖേന അജിത് പവാർ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചത്. എന്നാൽ അജിത്തിനൊപ്പം പോയ എല്ലാ എം.എൽ.എമാരെയും എൻ.സി.പി ക്യാമ്പിൽ തിരിച്ചെത്തിച്ചെന്നും അജിത് പവാർ മാത്രമാണ് ബി.ജെ.പിക്കൊപ്പമുള്ളതെന്നുമാണ് എൻ.സി.പി വൃത്തങ്ങളുടെ വാദം. ഈ സാഹചര്യത്തിൽ ബി.ജെ.പിക്കൊപ്പം നിന്നാൽ മെച്ചമില്ലെന്നു കണ്ട് അജിത് തിരികെ എത്തിയേക്കുമെന്നാണ് എൻ.സി.പിയുടെ പ്രതീക്ഷ.