ദക്ഷിണേന്ത്യൻ സിനിമകളിൽ 80 കളിൽ തിളങ്ങിനിന്ന നായികാനായകന്മാർ വീണ്ടും ഒത്തുചേർന്നു. ക്ലാസ് ഓഫ് 80’സ് എന്നാണ് ഇത്തവണത്തെ ഒത്തുചേരലിന് ഇവർ നൽകിയ പേര്. ഒമ്പത് വർഷം മുന്നെ സുഹാസിനിയും, ലിസിയും ചേർന്നാണ് ആദ്യമായി ഈ ഒത്തുചേരലിന് തുടക്കം കുറിച്ചത്. നടൻ ചിരഞ്ജീവിയുടെ വീട്ടിലായിരുന്നു താരങ്ങളുടെ ഒത്തുകൂടൽ.
താരങ്ങളുടെ ഒത്തുചേരലിന് ഒരു പ്രത്യേകതയുണ്ട്. എല്ലാ വർഷവും ഇവരുടെ ഒത്തുചേരലൽ ഓരോ കളർ തീമിൽ ഒരു താരത്തിന്റെ വീട്ടിൽ ആയിരിക്കും. ഇപ്രാവശ്യം കറുപ്പും ഗോൾഡൻ കളറുമായിരുന്നു ഇവരുടെ കളർ കോഡ്.
മലയാളത്തിന്റെ പ്രിയ താരങ്ങളായ മോഹൻലാൽ, ജയറാം, ശോഭന, രേവതി, സുഹാസിനിയും മറ്റ് തെന്നിന്ത്യൻ താരങ്ങളായ രാധിക ശരത്കുമാർ, ചിരഞ്ജീവി, നാഗാർജുന, അമല, അംബിക, വെങ്കിടേഷ്, ബാലകൃഷ്ണ, രമേശ് അരവിന്ദ്, സുമൻ, ഖുഷ്ബൂ, മേനക,സരിത, ഭാഗ്യരാജ്, ജയപ്രഭ, ലിസി, സുമലത, ജാക്കി ഷറോഫ്, നദിയ മൊയ്ദു, റഹ്മാൻ തുടങ്ങി നാൽപ്പതോളം താരങ്ങൾ ഈ വർഷത്തെ കൂട്ടായ്മക്ക് എത്തിച്ചേർന്നു.
രജനീകാന്ത്, കമൽഹാസന്‍ എന്നിവർ തിരക്കുമൂലം എത്തിയില്ല. എന്നാൽ 80കളിൽ സൂപ്പർ താരമായിരുന്ന മമ്മൂട്ടി എവിടെയാണെന്നാണ് ആരാധകർ ചോദിക്കുന്നത്.