കൊല്ലം: ഇരുട്ടിന്റെ ശക്തികൾ വെളിച്ചത്തെ കെടുത്താൻ ശ്രമിക്കുകയാണെന്നും ഒരു കാരണവശാലും എസ്.എൻ.ഡി.പി യോഗവും എസ്.എൻ ട്രസ്റ്റും വെളിച്ചത്തിലൂടെ സഞ്ചരിക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിലെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കാര്യാലയത്തിൽ യൂണിയൻ മേഖലാ ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു വിഭാഗം യോഗത്തെ തകർക്കാൻ പലതരത്തിലുള്ള ശ്രമങ്ങൾ നടത്തുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ യോഗം റിസീവർ ഭരണത്തിലാകുമെന്നാണ് ഇവരുടെ പ്രചാരണം. വാട്സ്ആപ്പും ഫേസ്ബുക്കും ആയുധമാക്കിയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. അടുത്തമാസം നടക്കുന്ന യോഗം വാർഷിക പൊതുയോഗവുമായി ബന്ധപ്പെട്ടും തെറ്റിദ്ധാരണ പരത്തുന്നു.
നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് യോഗവും ട്രസ്റ്റും പ്രവർത്തിക്കുന്നത്. എന്നിട്ടും ഒരിഞ്ച് മുന്നോട്ട് പോകാൻ അനുവദിക്കാതെ കേസുകൾ കൊടുത്ത് കുടുക്കിക്കൊണ്ടിരിക്കുകയാണ്. ശങ്കേഴ്സ് ആശുപത്രിയുടെ വികസനത്തിന് ലോൺ എടുക്കാൻ നാലു വർഷമായി ഇക്കൂട്ടർ അനുവദിക്കുന്നില്ല.
സബ് കോടതി മുതൽ സുപ്രീംകോടതിവരെ കേസുകളാണ്. ഇവരാരും വെളിച്ചത്തിലേക്ക് വരില്ല. ഇവർ സമുദായം നന്നാകണമെന്ന് ആഗ്രഹിക്കുന്നവരുമല്ല. ജനങ്ങളുടെ മുന്നിൽ വരാതെ നിരന്തരം പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ്. ഞാൻ ജനറൽ സെക്രട്ടറിയായതിനുശേഷം യോഗത്തിന്റെ കീഴിൽ മാത്രം എട്ട് പുതിയ കോളേജുകൾ സ്ഥാപിച്ചു. നിരവധി സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. എന്നിട്ടും യോഗത്തിന്റെ അക്കൗണ്ടിൽ നാലരക്കോടി രൂപ ബാക്കിയുണ്ട്. ഞാൻ അധികാരമേൽക്കുമ്പോൾ 2500 രൂപ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.
വിമർശിക്കുന്നവർ പറയേണ്ട വേദികളിൽ വന്ന് പറയാൻ തയ്യാറാകുന്നില്ല. എന്നെയും മകനെയും ഭാര്യയെയും തേജോവധം ചെയ്യുന്ന പ്രചാരണമാണ് കഴിഞ്ഞ ദിവസം അഴിച്ചുവിട്ടത്. കൊല്ലത്തും സമീപ ജില്ലയിലും ഉള്ളവരാണ് ഇതിന് പിന്നിൽ. യോഗത്തിനും ട്രസ്റ്റിനുമെതിരെ നിൽക്കുന്നവരിൽ ഭൂരിഭാഗവും യൂണിയൻ ഭാരവാഹിത്വത്തിൽ വരാനാകാതെ നിരാശ ബാധിച്ചവരോ പുറത്താക്കപ്പെട്ടവരോ ആണ്. ഇവർക്ക് വ്യക്തി താല്പര്യങ്ങൾ സംരക്ഷിക്കാനാകാത്തതിന്റെ അസംതൃപ്തി മാത്രമാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യോഗം കൗൺസിലർമാരായ പി.സുന്ദരൻ, പച്ചയിൽ സന്ദീപ്. ബിബിൻ രാജ്, അബിൻ അമ്പാടി തുടങ്ങിയവർ സംസാരിച്ചു.