stock-market

കൊച്ചി: ആഗോള ചലനങ്ങളുടെ ചുവടുപിടിച്ച് ബോംബെ ഓഹരി സൂചിക (സെൻസെക്‌സ്) ഇന്നലെ സർവകാല റെക്കാഡ് ഉയരത്തിലേക്ക് കുതിച്ചുകയറി. 529 പോയിന്റ് നേട്ടവുമായി 40,889ലാണ് സെൻസെക്‌സ് വ്യാപാരാന്ത്യമുള്ളത്. ദേശീയ ഓഹരി സൂചിക (നിഫ്‌റ്രി) 159 പോയിന്റുയർന്ന് 12,073ലുമെത്തി. ഇന്നലെ ഒരുവേള സെൻസെക്‌സ് 40,932 വരെയും ഉയർന്നിരുന്നു.

അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന് ഈവർഷം തന്നെ തിരശീല വീഴുമെന്ന വിലയിരുത്തലുകളാണ് ഇന്ത്യൻ ഓഹരികൾക്കും കരുത്തായത്. ഇരു രാജ്യങ്ങളും പരസ്‌പരം ഏർപ്പെടുത്തിയ ഉയർന്ന നികുതി നിരക്കുകൾ കുറച്ചുകൊണ്ടുള്ള കരാറിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈകാതെ ഒപ്പുവച്ചേക്കുമെന്നാണ് സൂചനകൾ. യൂറോപ്പ്, ഏഷ്യൻ ഓഹരികൾ നേട്ടത്തിലേറിയതിന്റെ പിന്നാലെയാണ് ഇന്ത്യൻ ഓഹരികളും മുന്നേറിയത്.

ജാപ്പനീസ് ഓഹരികൾ 0.7 ശതമാനം, ഷാങ്ഹായ് 0.3 ശതമാനം, ഓസ്‌ട്രേലിയൻ 0.5 ശതമാനം, ബ്രിട്ടീഷ് ഓഹരി സൂചികയായ എഫ്.ടി.എസ്.ഇ 0.7 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കി. ഇന്ത്യയിൽ ലോഹം, ബാങ്കിംഗ്, ടെലികോം ഓഹരികളാണ് നേട്ടത്തിന് നേതൃത്വം നൽകിയത്. ഭാരതി എയർടെൽ, ടാറ്രാ സ്‌റ്രീൽ, ഇൻഡസ് ഇൻഡ് ബാങ്ക്, മാരുതി സുസുക്കി, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, വേദാന്ത എന്നിവയാണ് നേട്ടമുണ്ടാക്കിയ മുൻനിര ഓഹരികൾ.

₹17,548 കോടി

വിദേശ നിക്ഷേപകർ വൻതോതിൽ ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടുന്നതും ഓഹരി വിപണിക്ക് നേട്ടമാകുന്നുണ്ട്. നവംബറിൽ ഇതുവരെ 17,548 കോടി രൂപ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) ഇന്ത്യയിൽ നിക്ഷേപിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ച മാത്രം നിക്ഷേപം 5,000 കോടി രൂപയാണ്.

₹1.81 ലക്ഷം കോടി

സെൻസെക്‌സിലെ നിക്ഷേപകർക്ക് ഇന്നലെ ലഭിച്ച നേട്ടം 1.81 ലക്ഷം കോടി രൂപയാണ്. സെൻസെക്‌സിന്റെ മൂല്യം 152.73 ലക്ഷം കോടി രൂപയിൽ നിന്ന് 154.55 ലക്ഷം കോടി രൂപയായി ഉയർന്നു.

രൂപയ്ക്ക് ക്ഷീണം

നടപ്പുപാദത്തിൽ (ഒക്‌ടോബർ-ഡിസംബർ) ഇതുവരെ നഷ്‌ടം കുറിച്ച ഏഷ്യയിലെ ഏക വികസ്വര രാജ്യ കറൻസി രൂപയാണ്. ഇന്ത്യൻ ജി.ഡി.പി വളർച്ച ഏപ്രിൽ- ജൂൺപാദത്തിൽ ആറുവർഷത്തെ താഴ്‌ചയായ അഞ്ചു ശതമാനത്തിലേക്ക് കൂപ്പുകുത്തിയതാണ് രൂപയെ വലയ്ക്കുന്നത്. ജൂലായ് - സെപ്‌തംബറിൽ വളർച്ച 4.2 ശതമാനം വരെ ഇടിഞ്ഞേക്കുമെന്നും വിലയിരുത്തലുകളുണ്ട്. ഇന്നലെ വ്യാപാരാന്ത്യം മൂന്നു പൈസ നഷ്‌ടവുമായി 71.74ലാണ് രൂപയുള്ളത്.