മുംബയ് : ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 48 മണിക്കൂറിനകം അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസ് അവസാനിപ്പിക്കുന്നു. കേസിൽ അജിത്തിനെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് മഹാരാഷ്ട്ര ആന്റികറപ്ഷൻ ബ്യൂറോ കോടതിയിൽ സമർപ്പിച്ചു.
ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു മണിക്കൂറുകള്‍ക്കകമാണ് അജിത് പവാറിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ചത്. വിദർഭ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് അജിത് പവാറിനെതിരെയുള്ള 9 കേസുകളിലെ അന്വേഷണമാണ് സർക്കാർ അവസാനിപ്പിക്കുന്നത്. എന്നാൽ അജിത് പവാറിനെതിരെയുള്ള ഇതേ അഴിമതിയിലെ മറ്റ് കേസുകളിൽ അന്വേഷണം തുടരും. കഴിഞ്ഞ ബി.ജെ.പി സർക്കാരിന്റെ കാലത്ത് എടുത്ത കേസുകളാണ് റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ അജിത് പവാറിനെതിരെ ബി.ജെ.പി ഏറ്റവും വലിയ പ്രചരണായുധമാക്കിയ വിഷയമായിരുന്നു ഇത്.
അജിത് പവാറിൻറെ കൂറുമാറ്റത്തിന് ബിജെപി നൽകിയ പ്രത്യുപകാരമാണ് ക്ലീൻചിറ്റെന്ന് കോൺഗ്രസും ശിവസേനയും ആരോപിച്ചു.
അമിത് ഷാ അടക്കമുളള നേതാക്കള്‍ തിരഞ്ഞെടുപ്പ് റാലികളിൽ അജിത് പവാറിനെതിരായ അഴിമതി ഉയർത്തിക്കാട്ടി വൻ പ്രചാരണം നടത്തിയിരുന്നു. അധികാരത്തിൽ എത്തിയാല്‍ അജിത് പവാറിനെ ജയിലിലേക്ക് അയക്കുമെന്ന് ദേവേന്ദ്ര ഫട്‌നാവിസും പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
അതേസമയം, സർക്കാർ രൂപീകരണക്കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ മുഴുവൻ എം.എൽ.എമാരെയും അണിനിരത്തി ശക്തിപ്രകടനത്തിനൊരുങ്ങുകയാണ് മഹാസഖ്യം.