v-muraleedharan

ന്യൂഡൽഹി: രമ്യഹരിദസ് അടക്കമുള്ള വനിതാ എം..പിമാരെ ലോകസ്ഭയിൽ പുരുഷ മാർഷലുകൾ കൈയേറ്റം ചെയ്തുവെന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിലെ കോൺഗ്രസ് എം..പിമാർ ജനാധിപത്യത്തിന്റെയും പാർലമെന്റ് ചട്ടങ്ങളുടെയും ലംഘനമാണ് നടത്തിയതെന്ന് മുരളീധരൻ പറഞ്ഞു. പാർലമെന്റ് നടപടി ക്രമങ്ങൾ അവസാനിച്ച ശേഷവും ബഹളം തുടരുന്ന സാഹചര്യത്തിലാണ് രണ്ട് കോൺഗ്രസ് എം.പിമാരെ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം ഉണ്ടായത്. എന്നിട്ടും മാറാത്ത സാഹചര്യത്തിലാണ് അവരെ മാറ്റുന്നതിനായി പുരുഷമാർഷൽമാർ പാർലമെന്റിനകത്ത് കയറിയത്. ആ സമയത്ത് സോണിയ ഗാന്ധിയുടെ നിർദേശമനുസരിച്ച് രണ്ട് വനിതാ എം.പിമാർ എത്തി മാർഷലുകളുടെ പ്രവർത്തനം തടസപ്പെടുത്തുകയായിരുന്നു.അതിനെ കയ്യേറ്റ ശ്രമമായി ചിത്രീകരിക്കുന്നത് ആടിനെ പട്ടിയാക്കലാണെന്ന് മുരളീധരൻ പറഞ്ഞു.

വനിതാ അംഗത്തെ കയ്യേറ്റം ചെയ്‌തെന്ന രീതിയിൽ കേരളത്തില്‍ നടക്കുന്നത് വ്യാജപ്രചാരണമാണ്. സ്പീക്കറുടെ ഉത്തരവനുസരിച്ച് സഭയിൽ പ്രവേശിച്ച മാര്‍ഷലുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയായിരുന്നു ഈ വനിതാ അംഗം. അതിൽ മാപ്പുപറയുകയാണ് രമ്യഹരിദാസും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും ചെയ്യേണ്ടത്. ചട്ടങ്ങൾ അറിയാത്തതുകൊണ്ടും കേരള നിയമസഭയിൽ എന്തു കൈയ്യാങ്കളി കാണിച്ചാലും ഊരിപ്പോരാമെന്ന പഴയ ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ അത് തന്നെ ആവർത്തിക്കാൻ ശ്രമിച്ചാൽ കേരള നിയമസഭയല്ല ഇന്ത്യൻ പാർലമെന്റെന്ന് കോൺഗ്രസുകാർ ഓർമ്മിക്കണമെന്നും മുരളീധരൻ പറഞ്ഞു. കയ്യേറ്റമുണ്ടായെന്നാണ് കോൺഗ്രസുകാർ പറയുന്നത്. പരിക്ക് പറ്റിയാൽ പോവേണ്ടത് ആശുപത്രിയിലാണ് അതുണ്ടായില്ലെന്നും സഹതാപം പിടിച്ചുപറ്റാൻ നടത്തുന്ന ശ്രമങ്ങൾഎപ്പോഴും വിജയിക്കണമെന്നില്ലെന്നും മുരളീധരൻ പറഞ്ഞു


തിരഞ്ഞടുപ്പിൽ മത്സരിക്കാത്ത ഉദ്ധവിനെ മുഖ്യമന്ത്രിയാക്കാമെന്നുള്ള വാഗ്ദാനത്തിന്റെ പേരിൽ ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ജനങ്ങൾക്കില്ലാത്ത പ്രതിഷേധമാണ് കോൺഗ്രസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യൻ പാർലമെന്റിനെ ബന്ദിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെങ്കിൽ ഇത് പുതിയ ഇന്ത്യയാണ് എന്നാണ് പറയാനുള്ളതെന്നും മുരളീധരൻ പറഞ്ഞു.